ചാലക്കുടി: കുടുംബങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന മോട്ടിവേഷൻ പ്രഭാഷകൻ മാരിയോ ജോസഫ് ഭാര്യയെ മർദിച്ചതായും ഫോൺ തകർത്തതായും പരാതി. മുരിങ്ങൂർ ഡിവൈന്‍ സമീപം ഫിലോകാലിയ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ ഇദ്ദേഹത്തിനെതിരെ സ്ഥാപന ഡയറക്ടറും ഭാര്യയുമായ ജിജി മാരിയോ ആണ് ചാലക്കുടി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ മാരിയോ ജോസഫിനെതിരെ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
ഇരുവരും മോട്ടിവേഷൻ പ്രഭാഷകരാണ്. മാസങ്ങളായി ഇരുവരും സ്വരചേർച്ചയിലല്ല. ഒമ്പത് മാസമായി മാരിയോ വീട്ടിൽ നിന്ന് മാറിതാമസിക്കുകയാണ്. ഒക്ടോബർ 25 ന് വൈകീട്ട് വീട്ടിലെത്തിയ മാരിയോ സംസാരത്തിനിടയിൽ തർക്കം മൂത്ത് തന്നെ ചീത്ത വിളിക്കുകയും സെറ്റ് ടോപ് ബോക്സെടുത്ത തലക്ക് അടിക്കുകയും തലമുടി പിടിച്ച് വലിക്കുകയും 70,000 രൂപ വില വരുന്ന ഫോൺ തകർക്കുകയും ചെയ്തെന്നാണ് ജിജി നൽകിയ പരാതിയിൽ പറയുന്നത്.
ഭാര്യ പരാതി നൽകുന്നതിന് രണ്ട് ദിവസം മുമ്പ് അവർക്കെതിരെ ചാലക്കുടി പൊലീസിൽ മാരിയോ പരാതി നൽകിയതായി പറയുന്നു. മലപ്പുറം സ്വദേശികളായ മാരിയോയും ജിജിയും കുറച്ച് വർഷങ്ങൾക്ക് മുമ്പ് മതം മാറി ക്രിസ്തുമതത്തിൽ ചേർന്ന് ഫിലോകാലിയ എന്ന സ്ഥാപനം രൂപവത്കരിച്ച് മുരിങ്ങൂരിൽ പ്രവർത്തിച്ച് വരികയാണ്. കേസിൽ മാരിയോ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.