ഡോ. ഹാരിസ് സംസാരിച്ചത് സാധാരണക്കാരായ രോഗികൾക്ക് വേണ്ടി; അദ്ദേഹത്തെ വെറുതെ വിട്ട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൂ -ഹാരിസ് ചിറക്കലിന് പിന്തുണ കൂടുന്നു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ കുറിച്ചു തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ പരസ്യമായി പിന്തുണച്ച് കൂടുതൽ പേർ രംഗത്ത്. ഡോക്ടർ സംസാരിച്ചത് സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണെന്നും അദ്ദേഹത്തെ വെറുതെ വിട്ട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൂവെന്നുമാണ് ഡോക്ടർ കൂടിയായ മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചത്. പ്രശ്നങ്ങളും കുറവുകളും സ്വാഭാവികമാണ്. മനുഷ്യരാണല്ലോ ഇതെല്ലാം ചെയ്യുന്നത്. അത് കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുക എന്നതാണ് മികച്ച സിസ്റ്റം മാനേജ്മെൻ്റ്.വ്യക്തിപരമായ ആവശ്യത്തിനല്ല സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചതെന്നും മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഒരു ഡോക്ടർ, അതും ഒരു വകുപ്പ് മേധാവി, പൊതുജനമധ്യത്തിൽ സിസ്റ്റത്തെ പറ്റിയൊരു പരാതിയുമായി വരുന്നു. അതും വരും വരായ്കകളെ പറ്റിയുള്ള പൂർണ ബോധത്തോടെ തന്നെ. വളരെ ഗൗരവകരമായ ഒരു സാഹചര്യമാണത്.
അദ്ദേഹത്തെ ഡിസ്ക്രെഡിറ്റ് ചെയ്തതു കൊണ്ടോ വ്യക്തിപരമായി ആക്രമിച്ചതു കൊണ്ടോ അങ്ങനൊരു പ്രശ്നമേ നിലവിലില്ല എന്ന് വാദിച്ചതു കൊണ്ടോ ആർക്കും ഗുണമില്ല. വ്യക്തിപരമായ ആവശ്യത്തിനല്ല സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞ കുറവുകൾ ഉണ്ടെന്ന് സമ്മതിച്ചാൽ മാത്രമേ പരിഹാരത്തിനും ശ്രമിക്കാൻ പറ്റൂ.
പ്രശ്നങ്ങളും കുറവുകളും സ്വാഭാവികമാണ്. മനുഷ്യരാണല്ലോ ഇതെല്ലാം ചെയ്യുന്നത്. അത് കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുക എന്നതാണ് മികച്ച സിസ്റ്റം മാനേജ്മെൻ്റ്. ഉപകരണങ്ങൾ വാങ്ങുന്നതിൽ, കൃത്യമായ മെയിൻ്റനൻസ് ചെയ്യുന്നതിൽ ഒക്കെ കാലതാമസമോ കുറവുകളോ വരാവുന്നതാണ്. എന്തുകൊണ്ടങ്ങനെ വന്നു എന്ന് കണ്ടെത്തുകയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ സുഗമമാവും.
ഇവിടെ അക്കാര്യങ്ങൾ സുഗമമായില്ല എന്ന് മാത്രമല്ല, ആവർത്തിച്ച് പറഞ്ഞിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല. മനുഷ്യനായത് കൊണ്ട് തന്നെ അദ്ദേഹം ഫ്രസ്ട്രേറ്റഡായി, പ്രതികരിച്ചു.
അദ്ദേഹത്തെ വെറുതെ വിട്ട്, അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് രോഗികൾക്കും അതുവഴി സർക്കാരിനും തന്നെയേ ഗുണകരമാവൂ.

ഡോക്ടർ ഹാരിസിനൊപ്പം 👍

മനോജ് വെള്ളനാട്


Full View


Tags:    
News Summary - More people support Dr. Harris Chirakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.