മലപ്പുറം: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയത് 708 വിദേശ വിദ്യാർഥികൾ. കേരള സർവകലാശാലയെയാണ് കൂടുതൽ വിദേശ വിദ്യാർഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. 2021 മുതൽ 2025 വരെയുള്ള പ്രവേശനരേഖകൾ പ്രകാരം 371 വിദ്യാർഥികളാണ് വിവിധ കോഴ്സുകൾക്കായി കേരള സർവകലാശാലയെ തിരഞ്ഞെടുത്തത്.
55 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് നിലവിൽ കേരള സർവകലാശാലക്കു കീഴിൽ പഠനം നടത്തുന്നത്. 2025ൽ 98 പേരാണ് പ്രവേശനം നേടിയത്. 2024ൽ 97 പേരും 2023ൽ 80 പേരും 2022ൽ 49 പേരും 2021ൽ 47 പേരും കേരള സർവകലാശാലയിൽ പ്രവേശനം നേടി. കേരള സർവകലാശാലക്കു പിന്നാലെ കൂടുതൽ വിദേശ വിദ്യാർഥികളെത്തിയത് എം.ജി സർവകലാശാലയിലാണ്. എം.ജിയിൽ ഇക്കാലയളവിൽ പ്രവേശനം നേടിയത് 203 വിദ്യാർഥികളാണ്.
കൂടുതൽ വിദ്യാർഥികളെത്തിയത് ശ്രീലങ്കയിൽനിന്നാണ് - 22 പേർ. റുവാണ്ടയിൽനിന്ന് 21 പേരും ഇറാഖിൽനിന്ന് 17, കെനിയയിൽനിന്ന് 14, യുഗാണ്ട, നേപ്പാൾ, നമീബിയ, യമൻ രാജ്യങ്ങളിൽനിന്ന് ഒമ്പതു വീതം വിദ്യാർഥികളും എം.ജി സർവകലാശാലക്കു കീഴിൽ പ്രവേശനം നേടിയിട്ടുണ്ട്.
കുസാറ്റിൽ 63 വിദ്യാർഥികളാണ് വിദേശത്തുനിന്നെത്തിയവർ. ഇവരിൽ എട്ടുപേർ കെനിയയിൽനിന്നും ആറുപേർ ഫ്രാൻസിൽനിന്നുമാണ്. അംഗോള, നേപ്പാൾ, അഫ്ഗാൻ രാജ്യങ്ങളിൽനിന്നായി നാലുപേരും കുസാറ്റിൽ പഠനം തുടരുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ 36 വിദേശ വിദ്യാർഥികളാണ് 2021 മുതൽ പ്രവേശനം നേടിയത്. കാലിക്കറ്റിൽ കൂടുതൽ വിദ്യാർഥികളും അഫ്ഗാൻ, യമൻ രാജ്യങ്ങളിൽനിന്നാണ്. യു.എസ്.എ, അയർലൻഡ് രാജ്യങ്ങളിൽനിന്നുള്ളവരും കാലിക്കറ്റിലുണ്ട്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ 32 വിദ്യാർഥികളാണ് പ്രവേശനം നേടിയത്.
ഏറ്റവും കുറവ് വിദേശ വിദ്യാർഥികൾ പ്രവേശനം നേടിയത് കണ്ണൂർ സർവകലാശാലയിലാണ്. ജർമനിയിലെ ഒരു സർവകലാശാലയുമായുള്ള ധാരണ പ്രകാരം മൂന്നു വിദ്യാർഥികളാണ് കണ്ണൂർ സർവകലാശാലയിൽ പ്രവേശനം നേടിയത്.
നാലു വർഷ ബിരുദപ്രോഗ്രാമുകൾക്കും ഗവേഷണത്തിനും മാനേജ്മെന്റ് പഠനത്തിനുമായാണ് കൂടുതൽ വിദ്യാർഥികൾ കേരളത്തിലെത്തുന്നതെന്നാണ് സർവകലാശാലകൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.