സ്കൂൾ സിലബസിൽ 25 ശതമാനംവരെ കുറവ്; മലക്കംമറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സിലബസിൽ 25 ശതമാനംവരെ കുറവുവരുത്തുമെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ്​ മന്ത്രി വി. ശിവൻകുട്ടി. ഉള്ളടക്ക ഭാരം (കണ്ടന്റ് ലോഡ്) കുറയ്ക്കുക എന്നാൽ പ്രധാന ഭാഗങ്ങൾ ഒഴിവാക്കുക എന്നല്ലെന്നും പാഠപുസ്​തകങ്ങളിലെ ആവർത്തനങ്ങൾ ഒഴിവാക്കിയുള്ള ക്രമീകരണമാണ്​ ആലോചിക്കുന്നതെന്നുമുള്ള വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഓരോ പ്രായത്തിലും കുട്ടി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ്​ ക്രമീകരിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ പരീക്ഷ സമ്മർദത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. മാധ്യമങ്ങൾ ഇത്തരം ക്രിയാത്മക നിർദേശങ്ങളെ വളച്ചൊടിക്കാതെ വസ്തുതകൾ ജനങ്ങളിലെത്തിക്കണം. സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കും. ഇതിൽ അവ്യക്തതകൾക്ക് സ്ഥാനമില്ല.

പുതുക്കിയ പാഠപുസ്തകങ്ങളെക്കുറിച്ച് അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും വിദ്യാഭ്യാസ വകുപ്പ്​ പ്രതികരണങ്ങൾ ശേഖരിച്ചു​. ചില വിഷയങ്ങളിൽ ‘കണ്ടന്റ് ലോഡ്’ കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ശാസ്ത്രീയമായി പരിശോധിച്ചേ മാറ്റം വരുത്തൂ. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഏത് മാറ്റവും നടപ്പാക്കുക.

പത്താം ക്ലാസിലെ സോഷ്യൽ സയൻസ്​ ഉൾപ്പെടെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കഭാരം കൂടുതലാണെന്നും പാഠഭാഗങ്ങളിൽ 25 ശതമാനം കുറവുവരുത്താനുള്ള കരിക്കുലം കമ്മിറ്റി തീരുമാനം അടുത്ത അധ്യയന വർഷം നടപ്പാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതുസംബന്ധിച്ച്​ കരിക്കുലം കമ്മിറ്റി ഇതുവരെ തീരുമാനമെടുത്തില്ല. അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഏറെക്കുറെ പൂർത്തിയാവുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പിൽതന്നെ അമ്പരപ്പുണ്ടാക്കി. ഇതോടെയാണ്​ പുതിയ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്​. 

Tags:    
News Summary - School syllabus reduced by up to 25 percent; Minister retracts statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT