കടുവാകുട്ടിയുടെ കളിപ്പാട്ടവുമായി മാളികപ്പുറത്ത് എത്തി‍യ മലപ്പുറം എടപ്പാൾ സ്വദേശിയും രണ്ടാം ക്ലാസുകാരിയുമായ അമേയ 

ശബരിമലയിൽ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി; പ്രതിദിനം 40,000 പേര്‍ക്ക് ദർശനം

സന്നിധാനം: ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ദര്‍ശനത്തിന് പ്രതിദിനം 30000 മുതൽ 40,000 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയുമാണ് ദര്‍ശനത്തിന് എത്താനാകുക.

കൂടാതെ നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.

ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ദര്‍ശനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്ക് ചോറൂണ് നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നെയ്യഭിഷേകം നടത്തുന്നതിനുള്ള നെയ്യ് അയ്യപ്പന്മാരില്‍ നിന്നും ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് സജീകരിച്ചിട്ടുണ്ട്. വടക്കേ നടയ്ക്ക് സമീപവും ക്ഷേത്രത്തിന് പുറകുവശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നല്‍കേണ്ടത്. സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറില്‍ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തര്‍ക്ക് വാങ്ങി മടങ്ങാം.

പരമ്പരാഗത പാതയായ പമ്പ-നീലിമല -അപ്പാച്ചിമേട്, ശരംകുത്തി വഴിയുള്ള യാത്ര അനുവദിക്കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയിലാണ്. ഈ പാതയിലെ കാടുകള്‍ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി അന്നദാനം, കുടിവെള്ളം തുടങ്ങിയ ക്രമീകരണങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - More facilities for Ayyappans at Sabarimala; Darshan for 40,000 devotees daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.