ഡാൻസാഫ് സംഘം എത്തിയത് ലഹരി ഇടപാടുകാരനെ തേടി; രജിസ്റ്ററിൽ ഷൈനിന്‍റെ പേര് കണ്ടപ്പോൾ പരിശോധന നടത്തി

കൊച്ചി: കൊച്ചി പൊലീസ് ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷൈൻ ടോം ചാക്കോ താമസിച്ച ഹോട്ടലിൽ ഡാൻസാഫ് സംഘം എത്തിയത് യാദൃച്ഛികമെന്നാണ് ലഭിക്കുന്ന വിവരം.

മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം ഹോട്ടലിൽ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല.

തുടർന്ന് ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ മുറിയെടുത്തതായി പ്രത്യേക സംഘം കണ്ടെത്തി. ഇതിന് പിന്നാലെ ഷൈനെ കാണാനായി മുറിക്ക് മുമ്പിലെത്തി. എന്നാൽ, ഡോർ കാമറയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ഷൈൻ മുറിയുടെ ജനാല വഴി സിമ്മിങ് പൂളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഷൈൻ താമസിച്ച മുറിയുടെ വാതിൽ തുറന്നത്. ഷൈനിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.

മുറിയിൽ നിന്ന് ജനാല വഴി ചാടിയ ഷൈൻ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഷൈൻ എന്തിനാണ് മുറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടതെന്നാണ് ഡാൻസാഫ് സംഘം സംശയിക്കുന്നത്. എന്നാൽ, ഭയന്നിട്ടാണ് മകൻ ജനൽ വഴി ചാടി രക്ഷപ്പെട്ടതെന്നും എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും ഷൈനിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഷൈന് നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് പൊലീസ് നീക്കം.

Tags:    
News Summary - More Details out in Actor Shine Tom Chacko Escape issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.