പാനൂർ: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയുമൊന്നിച്ച് നടന്നുവന്ന വിദ്യാർഥിക്ക് നടുറോഡില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം. കണ്ണൂർ പാനൂരില്‍ ചെണ്ടയാട് സ്വദേശിയായ മൊകേരി രാജീവ് ഗാന്ധി സ്കൂൾ വിദ്യാര്‍ഥിയെയാണ് മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവറും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ജിനീഷ് മര്‍ദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് പാനൂർ സി.ഐ റിയാസ് ചാക്കേരി, എസ്.ഐ നിജീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം നടന്നുവരുന്നതിനിടെയാണ് 16കാരന് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയോട് സംസാരിച്ച് വരുന്നതിനെ ചോദ്യംചെയ്തായിരുന്നു ആദ്യം ജിനീഷ് കുട്ടിയുടെ മുഖത്തടിച്ചത്.
പ്രദേശവാസികളുടെ മുന്നില്‍ െവച്ചായിരുന്നെങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ല. മർദനം തുടർന്നപ്പോഴാണ് ചിലര്‍ ജിനീഷിനെ പിടിച്ചുമാറ്റിയത്. ഇയാൾ മറ്റുചില കേസുകളിലെ പ്രതിയാണ്. മർദനത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പൊതുസമൂഹമറിഞ്ഞത്. പ്രകോപനമൊന്നുമില്ലാതെയാണ് ജിനീഷ് അടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. അടി കഴിഞ്ഞശേഷം ആളു മാറിപ്പോയതാണെന്ന് ജിനീഷ് പറഞ്ഞുവെന്നും കുട്ടി പറയുന്നു. മര്‍ദനമേറ്റ സംഭവം വിദ്യാർഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പാനൂര്‍ പൊലീസില്‍ പരാതി നല്കി. എന്നാൽ, പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയതോടെ പ്രശ്നം വിവാദമായി.
സംഭവത്തിൽ കേസെടുത്ത സംസ്ഥാന ബാലാവകാശ കമീഷൻ പാനൂർ പൊലീസിനോട് റിപ്പോർട്ട് തേടി.
മർദനത്തിെൻറ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംേപ്രഷണം ചെയ്തതിനെ തുടർന്നാണ് ചെയർമാൻ കെ.വി. മനോജ്കുമാർ നടപടി സ്വീകരിച്ചത്. പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യവുമായി കോൺഗ്രസും ഡി.വൈ.എഫ്.ഐയും സ്കൂൾ പി.ടി.എയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.