കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുകേസിൽ ഉൾപ്പെട്ട ഐ.ജി ലക്ഷ്‌മൺ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈകോടതിയിൽ ഹരജി നൽകി. തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഉൾെപ്പടെ ആരോപിക്കുന്നത്.
ഹൈകോടതി ആർബിട്രേറ്റർമാർക്ക് നൽകുന്ന തർക്കങ്ങൾപോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണ്. തനിക്കെതിരെ കേസെടുത്ത നിയമവിരുദ്ധ നടപടിപോലും തിരശ്ശീലക്ക് പിന്നിൽ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണ്. എന്നാൽ ആരാണ് ഇതെന്ന് ഹരജിയിൽ പറയുന്നില്ല. ഇതിൽ സർക്കാറിന്‍റെ നിലപാട് തേടിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി പരിഗണിക്കുന്നത് ആഗസ്റ്റ് 17ലേക്ക് മാറ്റി. ഇത് ഫയലിൽ സ്വീകരിച്ചിട്ടില്ല.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പു നടത്തിയ കേസിൽ 2021 സെപ്റ്റംബർ 25നാണ് മോൻസണെ അറസ്റ്റ് ചെയ്തത്. നിലവിൽ പൊലീസ് ട്രെയിനിങ് ചുമതലയുള്ള ഐ.ജി ലക്ഷ്‌മണിനെ കേസിൽ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കഴിഞ്ഞ ജൂൺ ഒമ്പതിന് എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലക്ഷ്‌മണിന് പുറമെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരെയും പ്രതിചേർത്തിരുന്നു.
എന്നാൽ, ആദ്യ എഫ്.ഐ.ആറിൽ തന്‍റെ പേരില്ലെന്ന് ലക്ഷ്‌മണിന്‍റെ ഹരജിയിൽ പറയുന്നു. സാക്ഷികളും ആരോപണം ഉന്നയിച്ചിട്ടില്ല. പരാതിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും തന്‍റെ പേരില്ല. വകുപ്പുതല അന്വേഷണത്തിലും ക്ലീൻ ചിറ്റ് നൽകി. മുമ്പ് അന്വേഷണത്തെക്കുറിച്ച് എ.ഡി.ജി.പി ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ എസ്.പി റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം ഒരു രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. വിവാദത്തിലേക്ക് എന്തിനാണ് തന്നെ വലിച്ചിഴക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ രാഷ്ട്രീയ മേലാളന്മാർക്ക് മാത്രമേ അറിയൂ. തിങ്കളാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹരജിയിലുണ്ട്. കേസിൽ ലക്ഷ്‌മണിന് നേരത്തേ ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.