മോൺസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരൻ രണ്ടാം പ്രതി; ബുധനാഴ്ച ചോദ്യം ചെയ്യും

കൊച്ചി: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ രണ്ടാം പ്രതി. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം രണ്ട് വർഷമെത്തി നിൽക്കെയാണ് അന്വേഷണസംഘം സുധാകരനെ പ്രതിചേർത്ത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുമ്പാകെ റിപ്പോർട്ട് നൽകിയത്.

സുധാകരനെതിരെ വഞ്ചനാക്കുറ്റം അടക്കം ചുമത്തിയതായാണ് സൂചന. മോൺസൺ ആണ് കേസിലെ ഒന്നാം പ്രതി. പ്രതിചേർത്തതിന് പിന്നാലെ ബുധനാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാവാൻ നിർദേശിച്ച് അന്വേഷണസംഘം സുധാകരന് നോട്ടീസ് നൽകി.

മോൺസണ് പണം നൽകാനെത്തിയപ്പോൾ മോൺസണൊപ്പം സുധാകരനുണ്ടായിരുന്നതായി പരാതിക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുടർന്ന് സുധാകരനും മോൺസണുമായുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിചേർത്തത്.

ചോദ്യം ചെയ്യലിന് ശേഷമാവും കേസിൽ അന്വേഷണ സംഘം തുടർ നടപടി സ്വീകരിക്കുക. തൃശൂർ സ്വദേശി 25 ലക്ഷം രൂപ മോൺസണ് നൽകുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. താൻ മോൺസണിന്‍റെ വീട്ടിൽ പോയിട്ടുണ്ടെന്നും അത് ചികിത്സക്ക് വേണ്ടിയാണെന്നും സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.

സുധാകരനെ കൂടാതെ, നിരവധി പൊലീസുകാർക്കൊപ്പവും മന്ത്രിമാർക്കൊപ്പവുമുള്ള മോൺസണിന്‍റെ ചിത്രവും പുറത്തുവന്നിരുന്നു. 

മോൺസൻ മാവുങ്കൽ പ്രതിയായ കേസിൽ പ്രതിയാക്കാനുള്ള നീക്കത്തിനെതിരെ കെ. സുധാകരൻ മുമ്പ് രംഗത്ത് വന്നിരുന്നു. തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്നാണ് സുധാകരന്‍ അന്ന് പ്രതികരിച്ചത്. 1995ലെ ട്രെയിനിലെ വെടിവെപ്പ് കേസിലും മോന്‍സന്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. എന്നാല്‍, ഈ രണ്ടു കേസുകളില്‍ തനിക്കെതിരെ ഒരു തെളിവും സര്‍ക്കാരിന്‍റെ കൈയിലില്ല എന്നതാണ് വാസ്തവമെന്നും സുധാകരൻ വ്യക്തമാക്കി.

ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടു നേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഢാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Monsan mavunkal accused in antiquities fraud case K. Sudhakaran is the second defendant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.