കൊലപാതകം നടന്ന പേരുമലയിലെ വീട്ടിനുമുന്നിൽ തടിച്ചു കൂടിയവർ
തിരുവനന്തപുരം: കൊച്ചനുജനും ഉമ്മയും പിതൃമാതാവുമുൾപ്പെടെയുള്ളവരെ കൊന്നുതള്ളാൻ അഫ്നാനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? അഫ്നാനെയും കുടുംബത്തെയും അറിയുന്ന നാട്ടുകാർക്കുപോലും ഒരു തിട്ടവുമില്ല. നാട്ടുകാർക്ക് അഫ്നാനെക്കുറിച്ച് മോശം അഭിപ്രായവുമില്ല. ശാന്തസ്വഭാവിയായി കാണപ്പെട്ട ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അവർ പറയുന്നു. അഫ്നാനെ പ്രാഥമികമായി ചോദ്യം ചെയ്യാനുള്ള അവസരം മാത്രമാണ് പൊലീസിന് ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച നിലയിലാണ്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
കൊടുംക്രൂരതക്കുള്ള പ്രകോപനം സംബന്ധിച്ച ആദ്യവിവരം സാമ്പത്തിക പ്രതിസന്ധിയെന്നാണ്. പെൺസുഹൃത്തുമായുള്ള വിവാഹം സംബന്ധിച്ച പ്രശ്നങ്ങളാണെന്നും പറയുന്നുണ്ട്. അഫ്നാന്റെ മൊഴിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ മാത്രമേ, ഇക്കാര്യത്തിൽ വ്യക്തത വരൂ. അഫ്നാന്റെ പിതാവ് സൗദിയിലാണ്. അവിടെ ഫർണിച്ചർ കച്ചവടമാണ്. തനിക്ക് 25 ലക്ഷം രൂപയോളം കടബാധ്യതയുണ്ടെന്നാണ് അഫ്നാൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പറയത്തക്ക സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്നാണ് അയൽവാസികൾ പറയുന്നത്. മാതാവ്, പിതൃമാതാവ്, സഹോദരൻ, പെൺസുഹൃത്ത് എന്നിങ്ങനെ ഉറ്റവരെയെല്ലാം ഇല്ലാതാക്കി ജീവനൊടുക്കാൻ ശ്രമിച്ചതാണ് സാമ്പത്തിക പ്രതിസന്ധിയാകാമെന്ന നിഗമനത്തിന് ആധാരം.
എന്നാൽ, അകലെ താമസിക്കുന്ന പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുന്നു. പെൺസുഹൃത്തുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരിക്കാമെന്ന് കരുതുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, അയൽവാസികൾ പോലും അങ്ങനെയൊന്നും അറിഞ്ഞിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. അഫ്നാന്റെ വീട്ടിൽനിന്ന് അധികം അകലെയല്ല പെൺകുട്ടിയുടെ വീട്. ലഹരിയുടെ സ്വാധീനവും സംശയമുണ്ട്. എന്നാൽ, ഇതുവരെ അത്തരം ബന്ധങ്ങളൊന്നും അഫ്നാനുള്ളതായി വിവരമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു മാത്രമാണ് പൊലീസിന്റെ പ്രതികരണം. അഫ്നാന്റെ മൊഴിയെടുത്താൽ മാത്രമേ കൃത്യമായി വിവരം ലഭിക്കുകയുള്ളൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അഫ്നാന്റെ നിലയിൽ പ്രശ്നങ്ങളില്ലെന്നതിനാൽ ചോദ്യം ചെയ്യൽ വൈകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.