പ്രതികളായ കിച്ചു ബെന്നിയും വിശാൽ മീണയും

ആമപ്പുറത്ത് പണം ​വെച്ചാല്‍ ഇരട്ടിക്കുമെന്ന്​ പറഞ്ഞ് 23 പവന്‍ തട്ടിയ കാമുകനും സുഹൃത്തും അറസ്റ്റിൽ

കൊച്ചി: ആമയുടെ പുറത്ത് പണം ​െവച്ചാല്‍ ഇരട്ടിക്കുമെന്ന്​ പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. കിച്ചുവിന്‍റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ അവരുടെ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വിശാൽ മീണക്ക്​ പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വർണം നൽകിയാൽ സമാനമായി ചെയ്തു തരുമെന്ന് കിച്ചു യുവതിയെ വിശ്വസിപ്പിച്ചു.

വിശാൽ മീണക്ക്​ സ്വർണം നൽകുമ്പോൾ സൂക്ഷിക്കണമെന്ന് കാമുകനോട് യുവതി പറഞ്ഞെങ്കിലും കിച്ചു ഉറപ്പുനൽകി. ഇത്​ വിശ്വസിച്ച്​ മട്ടാഞ്ചേരിയിൽ ​െവച്ച് സ്വർണം കൈമാറിയശേഷം മൂവരും കാറിൽ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാൻ കിച്ചു കാർ നിർത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാൽ സ്വർണവുമായി മുങ്ങുകയായിരുന്നു. യുവതി ഉടനെ നോർത്ത് സ്‌റ്റേഷനിലെത്തി പരാതി നൽകി.

സി.സി.ടിവി കാമറ പരിശോധിച്ച പൊലീസ് വിവിധ റെയിൽവേ സ്​റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊർണൂരിൽ വെച്ച്​ ഇയാളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കിച്ചുവിന്‍റെ ഒത്താശയോടെയാണ് സ്വർണം തട്ടിയെന്ന് കണ്ടെത്തിയതോടെയാണ്​ യുവതിയുടെ കാമുകനെയും പ്രതിചേർത്തത്.

കിച്ചുവിനെ കബളിപ്പിച്ച് സ്വർണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്‍റെ പദ്ധതി. എസ്.എച്ച്.ഒ പ്രതാപ ചന്ദ്രന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.എസ്. രതീഷ്, എൻ. ആഷിക്, സി.പി.ഒമാരായ പി. വിനീത്, അജിലേഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.