മൂഫിയയുടെ ആത്മഹത്യ: സി.ഐക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്

കൊച്ചി: ഭർത്താവും ഭർതൃ വീട്ടുകാരും പീഡിപ്പിക്കുകയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോൾ സി.ഐ അപമാനിച്ചുവെന്നും എഴുതിവെച്ച് നിയമവിദ്യാർഥിനി മൂഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.ഐ. സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഡി.വൈ.എസ്.പി ശിവൻകുട്ടി എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

പൊലീസ് സ്റ്റേഷനിൽ വെച്ച് ഭർത്താവ് സുഹൈലുമായി വാക്കുതർക്കത്തിലേർപ്പെടുകയും മൂഫിയ ഭർത്താവിനെ അടിക്കുകയും ചെയ്തുവെന്നും ഇത് തടയുക മാത്രമാണ് സി.ഐ ചെയ്തതെന്നുമാണ് റിപ്പോർട്ടിലുള്ളത്. വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡി.ഐ.ജി, ഡി.ജി.പിക്ക് കൈമാറും.

അതേസമയം, മൂഫിയ പര്‍വീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളേയും റിമാൻഡ് ചെയ്തു. മൂഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭർതൃപിതാവ് യൂസഫ്(63) ഭർതൃ മാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെയായതോടെയാണ് മൂഫിയ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ഫാരിസ പറഞ്ഞിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നതിന് പകരം അപമാനിക്കുകയാണ് സി.ഐ സുധീർ ചെയ്തത്. ആളുകളുടെ ജീവനെടുക്കുന്ന ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഫാരിസ പറഞ്ഞിരുന്നു.

Tags:    
News Summary - Mofia death: DySP reports no serious fallout from CI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.