പ്രതികളായ അബു താഹിര്‍, ഹരികൃഷ്ണന്, പ്രെസ്ജിത്ത്, ശ്രീജേഷ്, സഞ്ജയ് എന്നിവര്‍
പെരുമ്പാവൂര്‍: 18 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര് പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന് (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പില്‍ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതില്‍ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി പി. സഞ്ജയ് (22) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അന്വേഷണ സംഘം പിടികൂടിയത്.
മുഖ്യ പ്രതി അബു താഹിര്‍ ബംഗളൂരുവില്‍ നിന്നാണ് പിടിയിലായത്. തായ്ലന്ഡിലെ എയര്‍പോര്‍ട്ടുകള്‍ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ ഉന്നതരാണിവര്‍. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാട് രേഖകള്‍, വിദേശ യാത്രാരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബു താഹിറും ഹരികൃഷ്ണനും തായ്ലന്ഡിലേക്ക് വിസയും ടിക്കറ്റും പ്രതിഫലവും നല്കി ഏജന്റുമാരെ അയക്കും. ഇവര്‍ തിരികെ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് സംഘം വാങ്ങുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
ഓപറേഷന് തൂഫാന്റെ ഭാഗമായി 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കല്‍ അഴീക്കല്‍ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടില്‍ ആയുഷ് (39), ഭാര്യ അനിക (30) എന്നിവര്‍ വാഴക്കുളം പഞ്ചായത്തിലെ മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച പിടിയിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം വലയിലായത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.