മൈസൂരു-ബംഗളൂരു പാതയിൽ കെ.എസ്.ആർ.ടി.സി അപകടത്തിൽപ്പെട്ട ദൃശ്യം. ഇൻസൈറ്റിൽ നസീഫ്
നിലമ്പൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ആർ.ടി.സി ഡ്രൈവർക്ക് അത്ഭുതകരമായ രക്ഷ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ മലപ്പുറം കാവനൂർ സ്വദേശി എൻ.എം. നസീഫിന്റെ ജാഗ്രതയും മനസാന്നിധ്യവും കാരണം ഒഴിവായത് വൻ ദുരന്തമാണ്. മൈസൂരു-ബംഗളൂരു ദേശീയപാതയിൽ രാംനഗര ബൈപാസിനടുത്താണ് സംഭവം. വെള്ളിയാഴ്ച രാത്രി 11.45ന് ബംഗളൂരുവിൽനിന്നും പുറപ്പെട്ട് ദേശീയപാതയിലെ ആദ്യ ടോളിൽ എത്തിയപ്പോഴാണ് നസീഫ് ഡ്രൈവിങ് സീറ്റിൽ വരുന്നത്. ഏതാണ്ട് 20ഓളം മിനിറ്റ് പിന്നിട്ട സമയത്താണ് അപകടം.
തകരാറിലായ ബസ് റോഡ് സൈഡിൽ ഒതുക്കിനിർത്തി പരിശോധിക്കുകയായിരുന്നു കർണാടക ബസിലെ ജീവനക്കാർ. സ്പീഡ് ട്രാക്കിലൂടെ കെ.എസ്.ആർ.ടി.സി ബസ് വരുമ്പോഴാണ് മുന്നിലൂടെ ഒരു ട്രക്ക് ക്രോസ് ചെയ്യുന്നത് കണ്ടത്. ട്രക്ക് മുന്നിലുള്ള ആളെ തട്ടിയതോടെ ബസ് പോകുന്ന ട്രാക്കിലേക്ക് ആൾ വീണു. ഇയാളെ രക്ഷപ്പെടുത്താനായി പെട്ടെന്ന് ബ്രേക്കിട്ടാൽ ബസ് നിയന്ത്രണംവിട്ട് മറിയുമെന്നുറപ്പായിരുന്നു. പതുക്കെ ബ്രേക്കിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു.
ഇതോടെ, ബസിന് മുന്നിലെ ട്രാക്കിലേക്ക് വീണ കർണാടക ബസ് ഡ്രൈവർ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിന്റെ മുന്നിലെ ഗ്ലാസ് പൊട്ടിയെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല. നസീഫും സഹഡ്രൈവർ കെ. മുഹമ്മദ് ഷാഫിയും 41 റിസർവേഷൻ യാത്രക്കാരും ഇടക്ക് വഴിയിൽനിന്നും കയറിയ മറ്റൊരു യാത്രക്കാരനും ബസിലുണ്ടായിരുന്നു. ഒരുമണിക്കൂറിനുശേഷം മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു. സ്ഥലത്തെത്തിയ രാംനഗര പൊലീസ് അപകടത്തിൽപ്പെട്ട ബസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടകയിൽനിന്നും കേരളത്തിൽനിന്നും നസീഫിന് അഭിനന്ദനപ്രവാഹമെത്തി. കർണാടക, കേരള ട്രാൻസ്പോർട്ട് ഓഫിസർമാർ ഫോണിൽ വിളിച്ച് നസീഫിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.