മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ. സവാദിനെതിരെ ആദ്യം പരാതി നൽകിയത് ഇവരായിരുന്നു. രണ്ടുവർഷം മുമ്പായിരുന്നു സംഭവം. നെടുമ്പാശ്ശേരി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സവാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയ ഇയാൾ രണ്ടു യുവതികളുടെ നടുവിലായാണ് ഇരുന്നത്. യുവാവ് ലൈംഗികാതിക്രമം നടത്തിയതോടെ യുവതി ബഹളം വെക്കുകയും കണ്ടക്ടറോട് പരാതി പറയുകയും ചെയ്തു. ബസ് നിർത്തിയപ്പോൾ സവാദ് ഇറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടറാണ് പ്രതിയെ പിടിച്ചുനിർത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളം പരാതിക്കാരി സമൂഹമാധ്യമം വഴി പങ്കുവെച്ചിരുന്നു.
എന്നാൽ പിന്നീട് സവാദിനെ ഇരയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. പരാതിക്കാരിക്കെതിരെ സൈബർ ആക്രമണവും നടന്നു. യുവതിയുടെത് വ്യാജ പരാതിയാണെന്നും ആളാകാൻ വേണ്ടി സവാദിനെ കുടുക്കിയതാണെന്നും ഹണി ട്രാപ്പാണെന്നും വരെ സമൂഹ മാധ്യമങ്ങളിൽ ആരോപണമുയർന്നു. സവാദിനെ മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്തു.
രണ്ട് വർഷത്തോളം താൻ നേരിട്ടത് വലിയ സൈബർ ആക്രമണമായിരുന്നുവെന്നും യുവതി പറഞ്ഞു. അന്ന് തനിക്ക് നീതി കിട്ടിയിരുന്നുവെങ്കിൽ ഇന്ന് മറ്റൊരു ഇരയുണ്ടാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.