ഗുണനിലവാര പരിശോധനക്ക് മൊബൈൽ ലാബുകൾ -മന്ത്രി

കൊല്ലം: പൊതുമരാമത്ത് വകുപ്പിന്‍റെ വിവിധ പ്രവൃത്തികളിൽ ഗുണനിലവാര പരിശോധന കർക്കശമായി നടപ്പാക്കുന്നതിന് സഞ്ചരിക്കുന്ന ലാബുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായംകൂടി ഉപയോഗപ്പെടുത്തിയാകും പരിശോധനകൾ നടത്തുന്നത്. അടുത്തവർഷം തുടക്കത്തിൽ കേരളത്തിൽ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് മൊബൈൽ ക്വാളിറ്റി ലാബുകൾ പ്രവർത്തനമാരംഭിക്കും. ലാബുകളുടെ പ്രവർത്തനം അവലോകനം ചെയ്ത് ഭാവിയിൽ എല്ലാ ജില്ലകളിലും അവ സജ്ജമാക്കും.

നിശ്ചയിച്ച തുക പ്രവൃത്തികളിൽ ഉപയോഗിക്കുന്നുണ്ടോ, പൊതുമരാമത്ത് മാന്വൽ അനുസരിച്ചാണോ നിർമാണം, ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നിവയെല്ലാം ഉറപ്പുവരുത്താൻ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ലാബ് എത്തിച്ച് പരിശോധന നടത്തി ഫലം തത്സമയം അറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (കെ.എച്ച്.ആർ.ഐ) കീഴിലെ ലാബ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. നിലവിൽ 60 ഓളം പരിശോധനകൾ ഈ ലാബിലുണ്ട്. ഇത് പരിഷ്കരിക്കും. പരിശോധനകള്‍ ഒരു കുടക്കീഴിലാക്കും. ഇതിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കാൻ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന ഡിസ്ട്രിക് ഇൻഫ്രാസ്ട്രക്ചർ കോഓഡിനേഷൻ കമ്മിറ്റിയുടെ (ഡി.ഐ.സി.സി) പ്രവർത്തനം ഫലപ്രദമായി മുന്നോട്ടുപോകുന്നെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Mobile labs for PWD quality testing -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.