അടിമാലി: ഈ ലോക തൊഴിലാളി ദിനത്തിൽ മാങ്കുളം പഞ്ചായത്ത് കുവൈത്ത് സിറ്റിയിലെ തൊഴിലുറപ്പ് സ്ത്രീകൾ ഉയർത്തിക്കാട്ടുന്നത് നേരുറപ്പിന്റെ പൊൻതിളക്കം. 14 വർഷംമുമ്പ് നഷ്ടപ്പെടുകയും ഉടമയുടെ ഓർമയിൽനിന്ന് മായുകയും ചെയ്ത സ്വർണക്കൊലുസ് അവരുടെ സത്യസന്ധതക്ക് മുന്നിൽ തെളിഞ്ഞുവന്നു.
ബുധനാഴ്ച രാവിലെയാണ് കുവൈത്ത് സിറ്റിയിൽ കല്ലുകൊണ്ട് കയ്യാല കെട്ടുന്ന ജോലിക്കായി തൊഴിലാളികൾ എത്തിയത്. പണി തുടങ്ങി അധികം വൈകാതെ കല്ലിൽ കുടുങ്ങി മങ്ങിയ ആഭരണം തൊഴിലുറപ്പ് തൊഴിലാളിയായ പട്ടരുമഠത്തിൽ ഡെയ്സി ഷാജിക്ക് ലഭിച്ചു. കഴുകി വൃത്തിയാക്കിയപ്പോൾ അത് സ്വർണക്കൊലുസാണെന്ന് മനസ്സിലായി. ഇതോടെ പണിനിർത്തി മേറ്റ് സോണിയ ജേക്കബിന്റെ നേതൃത്വത്തിൽ ആഭരണത്തിന്റെ ഉടമയെ അന്വേഷിക്കാൻ തുടങ്ങി. ഇതിനിടെയാണ് 14 വർഷം മുമ്പ് പ്രദേശത്തെ സ്ത്രീയുടെ കൊലുസ് നഷ്ടപ്പെട്ട സംഭവം അറിയുന്നത്.
കുവൈത്ത് സിറ്റി ശേവൽകുടി മുള്ളൻമട കടവുങ്കൽ രാഖി ഷിബുവിന്റെ കൊലുസായിരുന്നു അത്. അവരെ വിളിച്ച് അടയാളങ്ങൾ ചോദിച്ചപ്പോൾ നഷ്ടപ്പെട്ട ആഭരണംതന്നെയാണ് കല്ലിനടിയിൽനിന്ന് ലഭിച്ചതെന്ന് വ്യക്തമായി. ആറുഗ്രാം തൂക്കമുള്ളതായിരുന്നു കൊലുസ്. 14 വർഷംമുമ്പ് പുരയിടത്തിൽ റബർവെട്ടി പാൽ ശേഖരിക്കാൻ പോയപ്പോഴാണ് രാഘിക്ക് കൊലുസ് നഷ്ടമായത്. അന്ന് ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആ നഷ്ടം മറന്നുതുടങ്ങിയിരുന്നു. അപ്പോഴാണ് തൊഴിലുറപ്പ് സ്ത്രീകളുടെ വിളികളെത്തുന്നത്. തൊഴിലുറപ്പ് സ്ത്രീകൾ ചേർന്ന് കൊലുസ് കൈമാറുമ്പോൾ മണ്ണിനടിയിൽ മറഞ്ഞുപോയ ആ സ്വർണത്തിളക്കം രാഖിയുടെ മുഖത്തുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.