പൊലീസ് അതിക്രമം തുടർന്നാല്‍ യു.ഡി.എഫ് നേതാക്കളും തെരുവിലിറങ്ങും -ഹസന്‍

തിരുവനന്തപുരം: നികുതി ഭീകരതക്കെതിരെ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ്​, യൂത്ത് ലീഗ് പ്രവര്‍ത്തകർക്കെതിരെ പൊലീസ്​ അതിക്രമം തുടർന്നാല്‍ യു.ഡി.എഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍. ഇനിയും തല്ലിയാല്‍ കൈയുംകെട്ടി നിൽക്കാനാകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

ചുവപ്പുകണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രിക്ക്​ കറുപ്പ് കണ്ടാൽ വെറുപ്പാണ്​. മരണ വീടിനു മുന്നിലെ കറുത്ത കൊടിപോലും പൊലീസ് അഴിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനാണെന്നുമൊക്കെ ഫാനുകള്‍ വാഴ്ത്തുന്ന പിണറായി കേരളംകണ്ട ഒരേയൊരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ്​. മുഖ്യഭീരുവായി പിണറായി അധഃപതിച്ചു. സർ സി.പിയുടെ കാലത്തോ ബ്രിട്ടീഷ് ഭരണകാലത്തോ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് പൊലീസ് പെരുമാറുന്നത്.

ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നൽകിയത് വാ തുറക്കുമെന്ന് ഭയന്നാണ്. തില്ലങ്കേരി ഇനി പുറത്തുനിന്നാല്‍ ഭീഷണിയാണെന്ന് സി.പി.എം ഉന്നത നേതാക്കള്‍ കരുതുന്നു. ഷുഹൈബിനെ കൊല്ലിച്ചത് ആരാണെന്ന് ഇതില്‍നിന്ന്​ വ്യക്തമാണ്.

ഡല്‍ഹിയില്‍ നിരവധി മുസ്​ലിം സംഘടനകള്‍ക്കൊപ്പം ജമാഅത്തെ ഇസ്​ലാമി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യു.ഡി.എഫിനുമേല്‍ സി.പി.എം കുതിരകയറുന്നു. കേരളത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം മറയ്ക്കാനാണ് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ സി.പി.എം ഉയർത്തിപ്പിടിച്ച് നടക്കുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി. 

Tags:    
News Summary - mm hassan against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.