എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കൈയേറ്റ ശ്രമം

കുറ്റ്യാടി എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കൈയേറ്റ ശ്രമം. വടകര മണിയൂർ കെരു മഹാഗണപതി ക്ഷേത്രം ഉത്സവത്തിനിടെയാണ് സംഭവം. എം.എൽ.എ തിരുവള്ളൂർ പി.എച്ച്.സിയിൽ ചികിത്സ തേടി. സംഭവത്തിൽ പയ്യോളി പൊലീസിൽ പരാതി നൽകി.

ആക്രമണത്തിന് പിന്നിൽ ആർ.എം.പിയാണെന്നാണ് സി.പി.എം ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ വോട്ടർമാരെ കണ്ടു മടങ്ങുന്നതിനിടെ ക്ഷേത്ര കവാടത്തിന് സമീപം ദിനേശൻ എന്നയാളാണ് അസഭ്യം പറഞ്ഞ് തള്ളി വീഴ്ത്താൻ ശ്രമിച്ചുവെന്നാണ് പരാതി. ശനിയാഴ്ച ഉച്ചക്ക് 2.45നാണ് സംഭവം.

ഉത്സവ സമയത്ത് പതിവായി സന്ദർശിക്കാറുള്ള ക്ഷേത്രമാണെന്നും സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ഉണ്ടായതെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവിൽ സമാധാനം നിലനിർത്താൻ എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമൂഹിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. എന്നാൽ സംഭവത്തിൽ ആർ.എം.പിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ആർ.എം.പിയുടെ ആരോപണം.

Tags:    
News Summary - Attempted assault on MLA KP Kunjhammad Kutty Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.