തിരുവനന്തപുരം: സെപ്റ്റംബർ 20ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സ്റ്റാലിന്‍റെ അഭാവത്തിൽ മന്ത്രിമാരായ ശേഖർ ബാബുവും പളനിവേൽ ത്യാഗരാജും പരിപാടിയിൽ പങ്കെടുക്കുക. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ നേരിട്ടെത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്.
മുഖ്യമന്ത്രി സ്റ്റാലിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതിനെതിരായ ബി.ജെ.പി വിമർശനത്തെ തള്ളി ഡി.എം.കെ രംഗത്തെത്തി. ആർ.എസ്.എസിന്‍റെ പ്രത്യയശാസ്ത്രത്തെ എക്കാലും ഡി.എം.കെ നിന്ദിച്ചിരുന്നതായി പാർട്ടി വക്താവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ശൂദ്രർക്ക് വേണ്ടിയാണ് ഡി.എം.കെ നിലകൊള്ളുന്നത്. 90 ശതമാനം ഹിന്ദുക്കളും ഡി.എം.കെക്ക് ഒപ്പമാണ്. അതിനാലാണ് ബി.ജെ.പിയെ തമിഴ്നാട് സ്വീകരിക്കാത്തത്. രാജ്യത്തെ വിഡ്ഢികളുടെ പാർട്ടിയാണ് ബി.ജെ.പിയെന്നും ടി.കെ.എസ് ഇളങ്കോവൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സി.പി.എം സർക്കാർ ‘അയ്യപ്പ സംഗമം’ നടത്തുന്നത് നാടകവും ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗവുമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താൽ തടയും. ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ച് പിണറായി മാപ്പ് അപേക്ഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുക. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കർണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ശബരിമലയുടെ ഭാവി വികസനത്തിനുതകുന്ന പദ്ധതികളുടെ ചര്‍ച്ചക്ക് വേദിയില്‍ തുടക്കം കുറിക്കും. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമായും ആഗോള സംഗമത്തെ കാണുന്നു. ശബരിമല തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിപുല പങ്കാളിത്തത്തിന് വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.