എം.കെ. സക്കീര്‍ പി.എസ്.സി ചെയര്‍മാനായി ചുമതലയേറ്റു

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാനായി അഡ്വ. എം.കെ. സക്കീര്‍ ചുമതലയേറ്റു. പി.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിന് മുന്നോടിയായി പുതിയ ചെയര്‍മാനെ നിയമിച്ചുള്ള വിജ്ഞാപനം പി.എസ്.സി സെക്രട്ടറി വായിച്ചു.
തുടര്‍ന്ന് സക്കീര്‍ മുന്‍ ചെയര്‍മാനും പി.എസ്.സി അംഗങ്ങള്‍ക്കുമൊപ്പം ചേംബറിലേക്ക് പ്രവേശിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചെയര്‍മാനെ കസേരയിലേക്ക് ആനയിച്ചു.
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ 2011 ജനുവരി 28 മുതല്‍ പി.എസ്.സി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹൈകോടതി അടക്കം വിവിധ കോടതികളില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍ വിഭാഗങ്ങളില്‍ അഭിഭാഷകനായും പൊതുമേഖലാസ്ഥാപനങ്ങളുടെ നിയമോപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്ളീഡര്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. നിലവില്‍ തൃശൂര്‍ പടിഞ്ഞാറേകോട്ടയിലാണ് താമസം. പരേതരായ എം.കെ. ബാവക്കുട്ടിയുടെയും എം.കെ. സാറുവിന്‍െറയും മകനാണ്. സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം  ലിസിയാണ് ഭാര്യ.  വിദ്യാര്‍ഥികളായ എം.കെ. നികിത, എം.കെ. അജിസ് എന്നിവര്‍ മക്കളാണ്.

‘വേഗത്തിനൊപ്പം പിഴവുകളില്ലാതെ മുന്നോട്ട് പോകും’
തിരുവനന്തപുരം: കാലാനുസൃതമായ വേഗത്തിനൊപ്പം പിഴവുകളില്ലാതെ മുന്നോട്ട് പോകുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍. വേഗത്തിനിടയില്‍ ഒരു ഉദ്യോഗാര്‍ഥിയുടെയും അവകാശങ്ങള്‍ ലംഘിക്കുകയോ അവഗണിക്കുകയോ ഇല്ല. ചെയര്‍മാനായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനൊത്ത് വേഗത്തില്‍ ഓടിയാല്‍ മാത്രമായില്ല, കുറ്റമറ്റ രീതിയിലാകണം നടപടിക്രമങ്ങള്‍. കേരള പി.എസ്.സിയെ യു.പി.എസ്.സിയടക്കം മാതൃകയാക്കുന്ന സ്ഥിതിയാണിന്ന്. പ്രഖ്യാപനങ്ങള്‍ കൊണ്ട് ആരെയും മോഹിപ്പിക്കാന്‍ കഴിയില്ല. ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mk sakeer kerala psc chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.