അടിയന്തരാവസ്ഥയിൽ മതിലകം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കമാൻഡറായിരുന്ന എം.കെ നാരായണൻ വാഹനാപകടത്തിൽ മരിച്ചു

കൊടുങ്ങല്ലൂർ : അടിയന്തരാവസ്ഥയിൽ മതിലകം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കമാൻഡറായിരുന്ന നക്സലൈറ്റ് നേതാവ് എം.കെ നാരായണൻ (74) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 7.30ഓടെ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ക്ഷേത്രത്തിന്ന് മുമ്പിലായിരുന്നു അപകടം.

ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികിൽ പാർക്ക് ചെയ്ത പിക്ക് അപ്പ് സ്വയം നീങ്ങി ഇടിക്കുകയായിരുന്നു. നേരത്തേ സ്ട്രോക്ക് വന്നതിൻ്റെ അവശതയനുഭവിക്കുനതിനാൽ പെട്ടെന്ന് ഒഴിഞ്ഞ് മാറാനായില്ല. പിക്ക് ഡ്രൈവർ റോഡരികിൽ വാഹനമിട്ട് ക്ഷേത്രത്തിൽ തോഴാൻ പോയതായിരുന്നു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം മണത്തല പരേതരായ കണ്ടപ്പൻ്റെയും പൊനിയുടെയും മകനാണ്.

അടിയന്തരാവസ്ഥക്ക് എതിരായി കേരളത്തിൽ നക്സലൈറ്റുകൾ നടത്തിയ ആദ്യത്തെ പാളിപ്പോയ പൊലീസ് സ്റ്റേഷൻ ആക്രമണമായിരുന്നു മതിലകം. തൃശൂരിലെ പാർട്ടി കമ്മിറ്റിയാണ് കൊടുങ്ങല്ലൂരിന് അടുത്തുള്ള മതിലകം പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ തീരുമാനിച്ചത്. മേത്തല, എസ്.എൻ പുരം എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘത്തിലെ അംഗങ്ങളിൽ അധികവും.

ശ്രീനാരായണപുരം പനങ്ങാട് മനക്കൽ എൻ.കെ നാരായണനെ സ്ക്വാഡ് കമാൻഡറായി തെരഞ്ഞെടുത്തു. ആക്രമണത്തെപ്പറ്റി ആലോചിക്കാൻ രഹസ്യമായി എസ്.എൻ പുരത്താണ് യോഗം ചേർന്നത്. രാത്രി ഒരു മണിയോടെ സ്ഫോടക വസ്തുക്കൾ അടക്കമുള്ള ആയുധങ്ങളുമായി പൊലീസ് സ്റ്റേഷന് പിന്നിലെത്തി.

നാടൻ ബോംബുകളും ആയുധങ്ങളും സ്ക്വാഡിന്റെ കൈവശം ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള ടെലിഫോൺ ലൈൻ വിച്ഛേദിക്കാൻ ചുമതലപ്പെട്ടവർ കമ്പി കൊണ്ട് കൂട്ടിക്കെട്ടി ടെലിഫോൺ ബന്ധം തകരാറിലാക്കി. ഈ സമയത്ത് പൊലീസുകാർ ജീപ്പെടുത്ത് പുറത്തേക്കു പോയി. അവർ തിരിച്ചു വരുന്നതുവരെ കാത്തുനിൽക്കാനായിരുന്നു സംഘത്തിന്‍റെ തീരുമാനം.

അവിചാരിതമായി അവർ തിരിച്ചുവന്നാൽ കടുത്ത ഏറ്റുമുട്ടൽ വേണ്ടിവരും എന്ന് വിലയിരുത്തിയാണ് തീരുമാനമെടുത്തത്. ഫലമില്ലെന്ന് കണ്ടപ്പോൾ ആക്ഷൻ മാറ്റി വെക്കാൻ ധാരണയായി. എന്നാൽ ടെലിഫോൺ ബന്ധം വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചില്ല. നേരം വെളുക്കാൻ അധികനേരമില്ലാത്തതിനാൽ സംഘാംഗങ്ങൾ സ്ഥലം വിട്ടു. ടെലിഫോൺ ബന്ധം വിച്ഛേദിച്ചത് കണ്ടെത്തി പൊലീസ് അന്വേഷണം തുടങ്ങി. പലരും പിടിക്കപ്പെട്ടു. ഒടുവിൽ നിരായണനും പൊലീസ് പിടിയിലായി. അടിയന്തരാവസ്ഥക്കാലത്ത് നാരായണൻ ജയിലിലായിരുന്നു. പിന്നീട് കെ. വേണു സെക്രട്ടറിയായ സി.ആർ.സി- സി.പി.ഐ (എം.എൽ) പിരിച്ചുവിടുന്നത് വരെ നാരായണൻ സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശ്രീ നാരായണപുരത്തെ വീട് പാർട്ടിയുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു.

സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രമതി, ഭാരതി, ബേബി, ഗോപി, ഉണ്ണികൃഷ്ണൻ, രാജൻ, ലളിത, പരേതയായ കാളിക്കുട്ടി. 

Tags:    
News Summary - MK Narayanan, who was the commander of the Mathilakam police station attack, passed away during the emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.