തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താനും മൂന്നാം ഇടതുസർക്കാർ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മുന്നോട്ടുവെച്ച മിഷൻ 110 യാഥാർഥ്യമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും വെള്ളിയാഴ്ച എ.കെ.ജി സെന്‍ററിൽ എൽ.ഡി.എഫ് യോഗം ചേരും. തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ ചേർന്ന മുന്നണി യോഗത്തിൽ, ഓരോ ഘടകകക്ഷിയും അവരവരുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങളും വോട്ട് ചോർച്ചയും കണ്ടെത്തിയശേഷം പൊതുവിലയിരുത്തൽ നടത്താമെന്നാണ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചിരുന്നത്.
ജനക്ഷേമ-വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഭരണവിരുദ്ധ വികാരമുണ്ടായത്, ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എമ്മും മുൻ സർക്കാറും പ്രതിക്കൂട്ടിലായത്, നിരവധി കാമ്പയിനുകൾ ഏറ്റെടുത്തിട്ടും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞത്, പി.എം ശ്രീയിലെ ഒപ്പുവെക്കലും ഇതുമായി ബന്ധപ്പെട്ട മുന്നണിയിലെ പരസ്യതർക്കവും തുടങ്ങിയവയാണ് ഘടകകക്ഷികൾ വിലയിരുത്തിയത്. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചതായി സി.പി.ഐ പരസ്യമായി പറഞ്ഞിരുന്നെങ്കിലും സി.പി.എം ഇത് അംഗീകാരിക്കാൻ തയാറായിരുന്നില്ല. ഇരുപാർട്ടികളുടെയും ഭിന്നസ്വരം മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒഴിവാക്കുകയായിരുന്നു.
പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് മന്ത്രിമാരിൽനിന്നടക്കം അഭിപ്രായങ്ങൾ കേട്ടും വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയും മുഖ്യമന്ത്രി മുന്നോട്ടുവെച്ച മിഷൻ 110ഉം മുന്നണി ചർച്ചചെയ്യും. 110 സീറ്റുകൾ വരെ ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണി. വോട്ടുകണക്കുകളടക്കം പരിശോധിച്ച് മിഷൻ 110ന്‍റെ ഭാഗമായ മണ്ഡലങ്ങളിൽ മുന്നണി പ്രത്യേകം ശ്രദ്ധപുലർത്തും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നിവയുടെ നേതാക്കൾ നയിക്കുന്ന തെക്ക്, വടക്ക്, മധ്യമേഖല ജാഥകളുടെ സംഘാടനവും യോഗം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.