തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് നഷ്ടമായ സ്വർണ ദണ്ഡ് തിരിച്ചുകിട്ടി. വടക്കേനടക്ക് സമീപത്ത് മണ്ണിൽ പൊതിഞ്ഞ നിലയിലാണ് പതിമൂന്ന് പവൻ വരുന്ന ദണ്ഡ് കണ്ടെത്തിയതെന്ന് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ആരെങ്കിലും എടുത്തുകൊണ്ടുപോയ ശേഷം തിരിച്ച് കൊണ്ടിട്ടതാണോ എന്നതടക്കമുള്ളത് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കേനടക്ക് അകത്ത് ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായ ജോലികൾ നടത്തുന്ന സ്ഥലത്തിന് സമീപത്തു നിന്നാണ് സ്വർണം കണ്ടത്. സ്വർണം സൂക്ഷിക്കുന്ന സുരക്ഷാമുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിനും ഇടയിലായാണ് ദണ്ഡ് കിടന്നത്. ശനിയാഴ്ച മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പൊലീസ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സ്വർണ ദണ്ഡ് കണ്ടെത്തിയത്. ശ്രീകോവിലിലെ ആദ്യനടയിലെ വാതിലിന്റെ പഴയ സ്വർണം മാറ്റി പുതിയ തകിട് പതിക്കുന്ന ജോലികൾ നടക്കുകയാണ്. ഇതിനായി സുരക്ഷാമുറയിൽ സൂക്ഷിച്ചിരുന്ന കാഡ്മിയം ചേർത്ത സ്വർണ ദണ്ഡാണ് നഷ്ടമായത്. സ്വർണ്ണത്തകിടുകൾ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്നതാണിത്. ബുധനാഴ്ച ജോലികഴിഞ്ഞ് വൈകീട്ട് നാലരയോടെയാണ് സ്വർണം സുരക്ഷ മുറിയിലേക്ക് മാറ്റിയത്. തുടർന്ന് ശനിയാഴ്ച രാവിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് ദണ്ഡ് നഷ്ടമായ വിവരം അറിയുന്നത്.
സ്വർണം പണിസ്ഥലത്തുനിന്ന് സുരക്ഷ മുറിയിലേക്ക് മാറ്റിയപ്പോൾ നഷ്ടമായതെന്നാണ് കരുതുന്നത്. സി.സി ടി.വി ദൃശ്യങ്ങളിൽ സ്വർണം തിരികെ വെക്കാനായി പോകുന്നത് കാണാം. എന്നാൽ തുണിസഞ്ചിയിൽ നിന്ന് സ്വർണം നഷ്ടമാകുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ക്ഷേത്ര ജീവനക്കാരും പൊലീസും അടങ്ങുന്ന സംഘമാണ് സ്വർണം സുരക്ഷാമുറിയിലേക്കും തിരിച്ചും മാറ്റുന്നത്. സ്വർണം നഷ്ടമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി പറഞ്ഞു. മോഷണം അടക്കമുള്ള സാധ്യതകൾ തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.