മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ?; ഒപ്പം യുവാവുമുണ്ടെന്ന് പൊലീസ്

തിരൂർ: മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിലെത്തിയെന്ന് സൂചന. ട്രെയിൻ മാർഗമാണ് പെൺകുട്ടികൾ മുംബൈയിൽ എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് തിരൂരിൽ നിന്ന് പെൺകുട്ടികൾ ട്രെയിൻ കയറിയെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പം ഒരു യുവാവുമുണ്ടെന്നും സൂചനയുണ്ട്. യുവാവ് മുംബൈയിലേക്ക് പോയെന്ന് ഇയാളുടെ വീട്ടുകാർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 

താനൂർ നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്തുകാരൻ പ്രകാശന്‍റെ മകൾ അശ്വതി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ കുട്ടികൾ പരീക്ഷക്ക് എത്തിയില്ല. ഇതോടെ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിലുമില്ലെന്ന കാര്യം അറിഞ്ഞത്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പരീക്ഷക്കെന്ന പേരിലാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്കൂൾ പരിസരത്ത് നിന്ന് ഇവരെ കാണാതായതെന്നാണ് വിവരം.

രണ്ട് കുട്ടികളുടെ നമ്പറിലേക്കും കാണാതാകുന്നതിന് മുമ്പ് മറ്റൊരു നമ്പറിൽ നിന്ന് കോൾ വന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ നമ്പറിന്‍റെ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Missing girls from Malappuram in Mumbai?; Police say a young man is with them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.