ഉയരം കൂടുന്തോറും രുചി കൂടുന്നത്​ ഇതാ, ഈ ലയങ്ങളിൽ മരിച്ച്​ ജീവിക്കുന്നവരിലൂടെയാണ്​

കട്ടപ്പന: മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ 42​ പേർക്ക്​ ജീവൻ നഷ്​ടമായതായാണ്​ ഇതുവരെ ലഭിക്കുന്ന വിവരം. മണ്ണിനടിയിൽ അകപ്പെട്ട 29 പേർക്കായി തെരച്ചിൽ തുടരുകയാണ്​. തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിച്ചിരുന്ന 80 മുറികളുള്ള 4 ലയങ്ങളാണ്​ വ്യാഴാഴ്​ച പാതിരാത്രിയുള്ള ഉരുൾപൊട്ടലിൽ നാമാവശേഷമായത്​.

ഈ സാഹചര്യത്തിൽ തേയില തോട്ടം ലയങ്ങളിലെ ദുരിതജീവിതത്തെ കുറിച്ച് ഓർമിപ്പിക്കുകയാണ്​ ഇടുക്കി ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഫൈസൽ മുഹമ്മദ്​. സായിപ്പി​െൻറ കാലം മുതൽ തുടങ്ങിയ ഈ ഏർപ്പാടി​ൽ അടിമജീവിതമാണ്​ പലരും നയിക്കുന്നത്​. പല നാടുകളിൽ നിന്നും ജോലിക്ക് വേണ്ടി വന്നവരാണ് അവിടങ്ങളിൽ താമസിക്കുന്നത്.

പണിയുള്ള തോട്ടങ്ങളുടെ ലയങ്ങൾ പൊതുവെ നല്ല രീതിയിൽ പരിപാലിച്ചു പോകുന്നവയാകും. കൃത്യമായി കാലാകാലങ്ങളിൽ കേടുപാടുകൾ പരിഹരിക്കും. എന്നാൽ, മുതലാളി ഉപേക്ഷിച്ചു പോയ തോട്ടങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന്​ ഡോ. ഫൈസൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.


ചോർന്നൊലിക്കുന്ന മുറികൾ; വിദ്യാഭ്യാസം പരിതാപകരം

ചോർന്നൊലിക്കുന്ന രണ്ടോ മൂന്നോ ചെറിയ മുറികൾ കാണും. ഒന്ന് അടുക്കള, ഒന്ന് തിണ്ണ. ബാക്കിയുള്ള ഒരു മുറിയിലാകും പ്രായപൂർത്തിയായവരും ആകാത്തവരും കല്യാണം കഴിഞ്ഞവരും കഴിയാത്തവരും പെൺകുട്ടികളും ആൺകുട്ടികളും അടക്കം എല്ലാവരും കഴിയുന്നത്. അവിടെയുള്ള ജീവിതം അവ​െൻറ ഭാവിയെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഇവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് പല പദ്ധതികളും സർക്കാർ തലത്തിൽ നടക്കുന്നുണ്ടങ്കിലും എല്ലാത്തിനും തടസ്സമായി നിൽക്കുന്നത് ഈ ജനതയുടെ വിദ്യാഭ്യാസ കുറവാണ്. കൂടിവന്നാൽ പത്താംക്ലാസ് വരെ പഠനം. അതിനപ്പുറം ചിന്തിക്കാൻ കഴിയുന്നവർ 100ൽ 20 പേരാകും. പണ്ടൊക്കെ തൊഴിലാളിയുടെ മക്കൾ തൊഴിലാളി തന്നെയാകുമ്പോൾ, ഇപ്പോഴൊക്കെ ഡ്രൈവിങ് ജോലി, മറ്റു സ്വകാര്യ കമ്പനികളിൽ ജോലി ഇതൊക്കെയാവും അവർ തെരഞ്ഞെടുക്കുക.

കൂലി 230 രൂപ; ജന്മി കുടിയാൻ ടൈപ്പ് പരിപാടി

രാവിലെയായാൽ എസ്റ്റേറ്റിൽ പണി കാണും, പോയി പണിതാൽ 230 രൂപ അടുത്തു കിട്ടും. അങ്ങനെ ജീവിതകാലത്തോളം അവർ പണിതുകൊണ്ടേയിരിക്കും. അവർ തൊഴിലാളികളായിരിക്കുന്ന കാലത്തോളം ഈ ലയങ്ങളിൽ അവർക്ക് സൗജന്യമായി താമസിക്കുകയും ചെയ്യാം. തൊഴിൽ അവസാനിപ്പിച്ചാൽ എവിടെപ്പോകും എന്നോർത്ത് പലരും പ്രായമായാലും ജോലിക്ക് പോകും. പണ്ടുകാലത്തെ ജന്മി കുടിയാൻ ടൈപ്പ് പരിപാടിയാണ് പല തോട്ടത്തിലും നടന്നു വന്നിരുന്നത്.

സർക്കാർ ജോലി എന്നൊരു ചിന്ത അവരുടെ ഏഴയലത്ത് ഉണ്ടാകില്ല. തിരുവനന്തപുരത്തൊക്കെ കുട്ടികൾ ജനിച്ചു വീഴുന്നത് തന്നെ പി എസ് സി, പി എസ് സി എന്നു പറഞ്ഞു കൊണ്ടാണെങ്കിൽ ഇവിടെ പി.എസ്.സി എന്താണ് എന്നുകൂടി അറിയാത്തവരാണ് പലരും.

കൈകരുത്തുള്ളവൻ കങ്കാണി; മറ്റുള്ളവർക്ക്​ നരക ജീവിതം

കൈകരുത്തും ആരോഗ്യവുമുള്ളവനെ കങ്കാണിയാക്കും. അവ​െൻറ കാൽച്ചുവട്ടിൽ കിടന്നു നരകിക്കുന്ന ജന്മങ്ങളായി തൊഴിലാളികൾ മാറുകയും ചെയ്യും. തൊഴിലാളി യൂണിയനുകൾ വന്നതിന് ശേഷം ഇതിന് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

അതിനിടക്ക് അത്യാവശ്യം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഏതെങ്കിലും തരത്തിൽ പഠിപ്പിച്ചു ജോലിയൊക്കെ മേടിച്ച് ലയത്തിൽ നിന്നും മാറി എവിടെയെങ്കിലും താമസിക്കും. പക്ഷെ, എ​െൻറ അറിവിൽ അത്തരക്കാർ വളരെ കുറവാണ്.



​പ്രതീക്ഷയുണ്ട്​ പുതുതലമുറയിൽ; കൈത്താങ്ങാകണം നമ്മൾ

ഇപ്പോൾ വളർന്നു വരുന്ന പുതുതലമുറ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരാണ്. ഏതെങ്കിലും തരത്തിൽ പൊതുസമൂഹത്തി​െൻറ മുന്നിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ മുൻഗാമികൾ ചെയ്‌തത്‌ പോലെ തോട്ടം തൊഴിലാളി മാത്രമായി ചുരുങ്ങി പോകാൻ അവർ ആഗ്രഹിക്കുന്നില്ല.

അവരുടെ ആഗ്രഹങ്ങൾക്കാണ് നാം താങ്ങാകേണ്ടത്. എല്ലാവരെയും ഇപ്പോൾ തന്നെ ശരിയാക്കി കളയാം എന്നൊരു ചിന്തയൊന്നും നമുക്കില്ലങ്കിലും നമ്മളെ കൊണ്ടു പറ്റുന്ന രീതിയിൽ അവർക്ക് കൈത്താങ്ങാകാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ദലിതൻ, തമിഴൻ ആരും തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും പറഞ്ഞു നടന്നിട്ട് ഒരു കാര്യവുമില്ല. അവർ കുറെ കാലങ്ങളായി അവിടെയുള്ളവരാണ്. അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ നമുക്ക് എന്തുചെയ്യാനാകും എന്നാണ് നമ്മൾ അന്വേഷിക്കേണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.