തിരുവനന്തപുരം: തനിക്കെതിരായ എ.ബി.വി.പി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. രാജ്ഭവനിലെ രണ്ട് ആർ.എസ്.എസുകാർക്ക് ഇതിൽ പങ്കുണ്ട്. അവരാണ് ഗവർണർക്ക് ഉപദേശം കൊടുക്കുന്നത്. രാജ്ഭവനിലെ സംഭവത്തിനുശേഷം എ.ബി.വി.പി, യുവമോർച്ച, കെ.എസ്.യു സംഘടനകളുടെ നേതൃത്വത്തിൽ ആക്രമിക്കുകയും യാത്ര തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാറിനു മുന്നിലേക്ക് എടുത്തുചാടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സമരത്തിന് എതിരല്ല. പക്ഷേ, അതിന് ഒരു ന്യായവും നീതിയും വേണം. പതിയിരുന്നല്ല സമരം നടത്തേണ്ടത്. തെരുവിൽ മനഃപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ശനിയാഴ്ച തമ്പാനൂരിൽ എ.ബി.വി.പിക്കാർ പ്രകോപനമുണ്ടാക്കി. വാഹനത്തിലെ ദേശീയപതാക വലിച്ചുകീറി. രാജ്ഭവനിൽ ഒരു വനിതയുടെ കൈയിൽ ആർ.എസ്.എസ് പതാക നൽകിയ ചിത്രം ചില്ലിട്ട് പൂജിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം പൗരനെന്ന നിലയിലും മന്ത്രിയെന്ന നിലയിലുമുണ്ട്. വനിതയുടെ ചിത്രത്തിനു മുന്നിൽ പൂവിടുന്നത് ഒഴികെ ഏത് പ്രശ്നവും ചർച്ചചെയ്യാം. ആ ചിത്രം ഭാരതാംബയുടേതാണെന്ന് ഒരു പഞ്ചായത്ത് പോലും പ്രമേയം പാസാക്കിയിട്ടില്ല.
ഞാൻ ആ കടമ നിർവഹിച്ചു. അത് അവിടെ അവസാനിച്ചു. വഴുതക്കാട് ജങ്ഷനിൽ ഏഴ് എ.ബി.വി.പിക്കാരാണ് പ്രതിഷേധിച്ചത്. എന്തിനാണ് എന്നുപോലും അവർക്കറിയില്ല. കോഴിക്കോട് ആറു സ്ഥലത്ത് വണ്ടി തടഞ്ഞു. അതിൽ ഒരു സ്ഥലത്ത് കെ.എസ്.യുക്കാരുമുണ്ടായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് പോലും ഉന്നയിക്കപ്പെടാത്ത പ്ലസ് വൺ സീറ്റ് വിഷയമുയർത്തിയാണ് കെ.എസ്.യു സമരം. നേമത്തുണ്ടായ പ്രതിഷേധം ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യമാണ്. സമരം നടക്കുമ്പോൾ സ്വാഭാവികമായും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വരുമെന്ന് പ്രതിഷേധക്കാർക്ക് നേരെ മർദനമുണ്ടായത് ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.