റി​ല​യ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ശ്രേ​ഷ്​​ഠ​പ​ദ​വി നൽകിയതിനെതിരെ മന്ത്രി തോമസ് ഐസക്

കോഴിക്കോട്: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത റി​ല​യ​ൻ​സ്​ ഫൗ​ണ്ടേ​ഷ​​​​​​െൻറ ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ഉ​ന്ന​​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച സ്​​ഥാ​പ​ന​ത്തി​നു​ള്ള ശ്രേ​ഷ്​​ഠ​പ​ദ​വി നൽകിയതിനെരെ മന്ത്രി തോമസ് ഐസക്. ഭൂമിയിൽ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നൽകാൻ തീരുമാനിച്ച നരേന്ദ്ര മോദിയോടുപമിക്കാൻ ചരിത്രത്തിൽ ഒരു ഭരണാധികാരിയേ ഉള്ളൂവെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നത്തിൽ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തിൽ നിന്നു രക്ഷപെടാൻ മൃഗശാലയിലേക്ക് പാഞ്ഞെത്തി കൂട്ടിൽകിടന്ന സിംഹങ്ങളെ വെടിവെച്ചുകൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോടെന്നും തോമസ് ഐസക് പരിഹസിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ഭൂമിയിൽ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നൽകാൻ തീരുമാനിച്ച നരേന്ദ്രമോദിയോടുപമിക്കാൻ ചരിത്രത്തിൽ ഒരു ഭരണാധികാരിയേ ഉള്ളൂ. സ്വപ്നത്തിൽ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തിൽ നിന്നു രക്ഷപെടാൻ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടിൽകിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോട്.

കേന്ദ്രസർക്കാർ ശ്രേഷ്ഠപദവി നൽകിയിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലുപോലുമിട്ടിട്ടില്ല. പക്ഷേ, അത്തരം സ്ഥാപനങ്ങൾക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയിൽ നിന്നു കനപ്പെട്ട ഒരു വിഹിതം കേന്ദ്രസർക്കാരിൽ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥൻ അംബാനിയാണ്. അദ്ദേഹം മോഹിച്ചാൽ അമ്പിളിയമ്മാവനെ സർക്കാർ ചെലവിൽ ആൾട്ട്മൌണ്ട് റോഡിലെ വീട്ടിലെത്തിക്കാൻ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികൾ.

ശ്രേഷ്ഠപദവിയ്ക്കു പരിഗണിക്കാൻ തയ്യാറാക്കിയ മാനദണ്ഡങ്ങളെല്ലാം കേമമായിരുന്നു. വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, സൂര്യോദയ സാങ്കേതികവിദ്യകളിന്മേൽ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൌതികസൌകര്യങ്ങളുണ്ടാകണം എന്നിങ്ങനെപോയി അവ.

മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാൽ അക്കാദമി ഫോർ ഹയർ എജ്യൂക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലെ മറ്റുപേരുകാർ. എല്ലാം അരനൂറ്റാണ്ടിനു മേൽ പ്രവർത്തനപാരമ്പര്യമുള്ളവർ. ജെഎൻയു അടക്കമുള്ള അപേക്ഷകരെ നിരസിച്ചാണ്, അംബാനിയുടെ സ്ഥാപനത്തേ ശ്രേഷ്ഠസിംഹാസനത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ പദവി നൽകി ഏറ്റവും മികച്ച ഇരുപതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന എൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയ്ക്ക് പക്ഷേ, ഇന്ത്യയിൽ നിന്ന് ഇരുപതു മുൻനിര സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ലൊടുക്കു ന്യായങ്ങൾ നിരത്തി അവർ ഇരുപതിൽ നിന്ന് ആറായി എണ്ണം വെട്ടിക്കുറച്ചു. പക്ഷേ, ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ലാത്ത ഒരു സ്ഥാപനത്തെ ലോകോത്തര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് പട്ടികയിൽ ഉൾപ്പെടുത്താൻ കമ്മിറ്റിയ്ക്ക് യാതൊരു വൈമനസ്യമുണ്ടായതുമില്ല.

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണം. കടലാസ് സ്ഥാപനത്തെ ആഗോളനിലവാരവും നൂറ്റാണ്ടിനുമേൽ പ്രവർത്തന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളോടു താരതമ്യപ്പെടുത്തി ശ്രേഷ്ഠപദവിയും ഖജനാവിൽ നിന്ന് വൻ തുകയും നൽകി തുഗ്ലക്കിനെപ്പോലുള്ളവരെ ചരിത്രത്തിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രസക്തനാക്കുകയാണ് അദ്ദേഹം. പക്ഷേ, അതുവഴി നരേന്ദ്രമോദിയ്ക്കു കിട്ടുന്ന "വിശിഷ്ടപദവി", പക്ഷേ, ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേയ്ക്കുമുള്ള നാണക്കേടായിരിക്കും.

Full View
Tags:    
News Summary - Minister Thomas Isaac Criticize to Modi Govt to Institutions of Eminence Post to Reliance Foundation’s Geo institute -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.