ധിക്കാരം പറഞ്ഞിട്ടില്ല, സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചക്ക് തയാറെന്ന് മന്ത്രി ശിവൻകുട്ടി, സമയം സമസ്ത അറിയിച്ചാൽ മതി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ച തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി, ഏതു നിമിഷവും ചർച്ചക്ക തയാറാണ്. കോടതിയുടെ നിലപാടാണ് പറഞ്ഞത്. എന്നാൽ കോടതി വിധിക്ക് വിപരീതമായ ചർച്ചക്ക് സാധ്യതയില്ല. ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചർച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം മാറ്റും. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈകി. മുസ്‍ലിം സമൂഹം ഉന്നയിച്ച ആവശ്യം പരിഗണിക്കണമായിരുന്നു. ചർച്ച സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും സമസ്ത വ്യക്തമാക്കി.

സ്കൂള്‍ സമയമാറ്റത്തില്‍ ചർച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്നായിരുന്നു സമസ്ത ജനറല്‍ മാനേജർ കെ.മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞത്. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടർപ്രക്ഷോഭം ആലോചിക്കാന്‍ സമസ്ത മതവിദ്യാഭ്യാസ ബോർഡ് ഇന്ന് ചേരും. മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് സമസ്ത തയാറാകുമെന്നും മോയിന്‍കുട്ടി മാസ്റ്റർ പറഞ്ഞു.

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേക സമൂഹത്തിന്‍റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് സമസ്തയെ പ്രകോപിച്ചത്.

അതേസമയം, കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതിൽ റിപ്പോർട്ട് തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംഭവം നടന്ന സി.ബി.എസ്.ഇ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Minister Sivankutty says he is not being disrespectful, ready to discuss with Samastha on changing school timings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.