മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

അടൂരിന്റേയും ശങ്കർ മോഹനന്റെയും രാജി: ചലച്ചിത്രമേഖലയിൽ വൈദഗ്​ധ്യമുള്ളവർ വേറെയും നാട്ടിലുണ്ട്​ -മന്ത്രി ബിന്ദു

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ വൈദഗ്​ധ്യമുള്ളവർ വേറെയും നാട്ടിലുണ്ടെന്നും അടൂർ ഗോപാലകൃഷ്ണനും ശങ്കർ മോഹനും രാജിവെച്ചതുകൊണ്ട്​ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. ശങ്കർ മോഹനും താനും സ്ഥാപനത്തിൽ നിന്നിറങ്ങുന്നതോടെ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാകുമെന്ന്​ ചെയർമാൻ സ്ഥാനം രാജിവെച്ച്​ അടൂർ നടത്തിയ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി. അടൂരിന്‍റേത്​ സർക്കാറിനോടുള്ള പ്രതിഷേധ രാജിയാണെങ്കിൽ അതിന്​ കാരണം കാണുന്നില്ല. അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമീഷനെ വെച്ചത്. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ ഡയറക്ടർക്ക്​ വീഴ്ചയുണ്ടായിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ സർക്കാർ ആദ്യം നിയോഗിച്ച സമിതിയുമായി ഡയറക്ടർ സഹകരിച്ചില്ല. കമീഷൻ അവരുടെ ഉത്തരവാദിത്തമാണ്​ നിർവഹിച്ചത്​. വിദ്യാർഥികളുടെ ആത്മവിശ്വാസം ഉലച്ചുകളയുന്ന രീതിയിലുള്ള അനുഭവങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉണ്ടായിക്കൂടാ എന്ന ശരിയായ നിലപാടായിരുന്നു കമീഷന്​. കമീഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കും മുമ്പ്​ തന്നെ ഡയറക്ടർ രാജിവെക്കുകയായിരുന്നു.

വിദ്യാർഥികൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നാണ്​ അന്വേഷണ റിപ്പോർട്ടുകളിൽനിന്ന്​ വ്യക്തമാകുന്നത്​. സമരം നടക്കുന്ന സന്ദർഭത്തിൽ പെൺകുട്ടികൾക്കടക്കം താമസ സൗകര്യമുൾപ്പെടെ നിഷേധിച്ചത്​ ശരിയായില്ല​. രാജി സ്വീകരിച്ച്​ അനന്തര നടപടി സ്വീകരിക്കാനുള്ള നിർദേശത്തോടെയാണ്​ രാജിക്കത്ത്​​ മുഖ്യമന്ത്രി തനിക്ക്​ കൈമാറിയത്​​.

ഡയറക്ടർ രാജിവെച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ട്​ അരാജകത്വത്തിലേക്ക്​ പോകുമെന്ന അടൂരിന്‍റെ വാദവും മന്ത്രി തള്ളി. മത്സരപ്പരീക്ഷയിലൂടെ കടന്നുവന്ന മിടുക്കരായ, സിനിമയോട്​ അഭിനിവേശവുള്ള വിദ്യാർഥികളാണ്​ ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്​. അവരുടെ സർഗാത്മകത സ്വച്ഛന്ദമായി വികസിക്കാനുള്ള സാഹചര്യമാണ്​ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister R Bindu statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.