വിവാഹം സ്വർണവും പണവും ഭൂമിയും കണക്ക് പറഞ്ഞ് നേടാനുള്ള ഉടമ്പടിയായി -ആർ. ബിന്ദു

കോഴിക്കോട്: ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. വിവാഹം എന്നത് സ്വർണവും പണവും ഭൂമിയും കണക്ക് പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടിയായി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നുവെന്ന് വേണം കരുതാൻ. ഉയർന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാർഗമായും, നല്ല ജോലി വലിയ തുക സ്ത്രീധനമായി നേടാനുള്ള മാർഗമായും കാണുന്നുവെന്നത് എന്ത് മാത്രം അപകടകരമാണെന്നും മന്ത്രി ആർ. ബിന്ദു ചൂണ്ടിക്കാട്ടുന്നു.

മന്ത്രി ആർ. ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറെ വേദനയോടെയാണ് വിസ്മയയുടെ മരണവാർത്ത അറിഞ്ഞത്. വളരെ പ്രതീക്ഷയോടെ കാലെടുത്ത് വച്ച പുതു ജീവിതത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ അവസാനിച്ചു പോയ ദാരുണമായ അനുഭവമാണ് ആ മകൾക്ക് ഉണ്ടായത്. അറിഞ്ഞതു വെച്ച്, സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഢനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെൺകുട്ടി അനുഭവിച്ചത്.

കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത് നാം മറന്നിട്ടില്ല. അതിന്‍റെ ഞെട്ടൽ മാറും മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ സമൂഹത്തിൽ വീണ്ടും ഒരു മകൾക്ക് ദുരന്തം സംഭവിച്ചിരിക്കുന്നത്.

സ്ത്രീധന നിരോധന നിയമവും, ഗാർഹിക പീഢന നിരോധന നിയമവുമടക്കം സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങൾ ഉള്ള നാട്ടിലാണിത് സംഭവിച്ചത്. അതുമാത്രമല്ല വിദ്യാസമ്പന്നരും നല്ല രീതിയിലുള്ള ഉദ്യോഗങ്ങളിൽ എത്തപ്പെട്ടവരുമാണ് ഇതിൽ ഇരകളും പ്രതികളുമായി വരുന്നത് എന്നതും ശ്രദ്ധേയം തന്നെയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.

ഇത്തരം സാമൂഹ്യ വിരുദ്ധമായ, അങ്ങേയറ്റം അപരിഷ്കൃതവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ രഹിതവുമായ സ്ത്രീധനം പോലൊരു സംഗതി ഇന്നും നമ്മുടെ വിദ്യാസമ്പന്നമായ സമൂഹത്തെ, യുവതയെ മോഹിപ്പിക്കുകയും അവരുടെ ജീവനെടുക്കുകയും, എന്തു ക്രൂരകൃത്യവും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

വിവാഹം എന്നത് സ്വർണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം കരുതാൻ. ഉയർന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാർഗ്ഗമായും, നല്ല ജോലി വലിയ വലിയ തുകകൾ സ്ത്രീധനമായി നേടാനുള്ള മാർഗ്ഗമായും കാണുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. എത്രയെത്ര വിസ്മയമാരാണ് ഇതിന്‍റെ രക്തസാക്ഷികളായി നമ്മുടെ മുന്നിൽ ഇന്നും ജീവിക്കുന്നത്.

നിയമങ്ങളെക്കാളും മറ്റും ഉപരി ആത്യന്തികമായി മനുഷ്യൻ എന്ന നിലയിലുള്ള മാറ്റം സമൂഹത്തിൽ പ്രകടമായി ഉണ്ടായാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് എന്നെന്നേക്കുമായ അവസാനം ഉണ്ടാവുകയുള്ളൂ. സമൂഹത്തിന്‍റെ അത്തരം മുന്നേറ്റങ്ങളിൽ ഗൗരവമായിത്തന്നെ നമ്മൾ ഓരോരുത്തരും പങ്കാളികളായി മാറേണ്ടതുണ്ട്. ഇത്ര ദാരുണമായ സംഭവത്തിൽ കുറ്റവാളികളായ എല്ലാവർക്കും അർഹമായ ശിക്ഷ നിയമം വഴി നൽകുക തന്നെ വേണം. ഇനിയും ഒരു വിസ്മയ ഉണ്ടാവാതിരിക്കാൻ മനുഷ്യർ എന്ന നിലയിൽ നാം ജാഗ്രതപ്പെടണം.

വിസ്മയയക്ക് ആദരാജ്ഞലികൾ

Tags:    
News Summary - Minister R Bindu React to Vismaya's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.