ജയസൂര്യക്ക്​ മറുപടിയുമായി മന്ത്രി: 'മഴ തടസ്സമാണ്​; ​എന്നാൽ, അയ്യോ മഴ എന്ന് പറയാതെ പരിഹാരം ഉണ്ടാക്കും'

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം തന്നെയാണെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. എങ്കിലും അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ റോഡുകൾ സംബന്ധിച്ച് നടൻ ജയസൂര്യ നടത്തിയ വിമര്‍ശനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍റെ വിമർശനം സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍കൊള്ളുന്നുവെന്നും മന്ത്രി വ്യക്​തമാക്കി.

തിരുവനന്തപുരത്ത്പൊതുമരാമത്ത് വകുപ്പിന്‍റെ പരിപാടിയില്‍ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ ജയസൂര്യ വിമര്‍ശിച്ചിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലെന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. എന്നാൽ, ചിറപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ റോഡാണുള്ളതെന്നും കേരളത്തില്‍ ഇത്​ മൂന്നരലക്ഷം കിലോമീറ്ററാണെന്നും മന്ത്രി വ്യക്​തമാക്കി.

ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ എന്ത് ചെയ്യും എന്നത് പഠിക്കേണ്ട കാര്യമാണ്. പ്രതികൂല കാലാവസ്ഥയിലും കേരളത്തിൽ മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. ജയസൂര്യ തന്‍റെ പ്രസംഗത്തില്‍ ഭൂരിപക്ഷവും വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചാണ് സംസാരിച്ചത് -മന്ത്രി വ്യക്​തമാക്കി.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. നികുതി അടക്കുന്നവർക്ക്​ നല്ല റോഡ്​ വേണമെന്നും മഴയുടെ പേരിൽ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'ഗതികെട്ടാണ്​ 2013ൽ എറണാകുളത്ത്​ റോഡിലിറങ്ങി കുഴിയടച്ചത്​. അതിന്‍റെ പേരിൽ ഒരുപാട്​ പ്രശ്​നങ്ങൾ​ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും കേരളത്തിലെ പലഭാഗത്തും റോഡുകളുടെ അവസ്​ഥ വളരെ മോശമാണ്​.

കഴിഞ്ഞദിവസം ഷൂട്ടിങ്ങിന്‍റെ ഭാഗമായി വാഗമണിൽ പോയിരുന്നു. ധാരാളം ടൂറിസ്റ്റുകൾ വരുന്ന ഭാഗമാണത്​. അവിടെ എത്താൻ ഓരോ വാഹനവും മണിക്കൂറുകളാണ്​ എടുക്കുന്നത്​. റോഡിന്‍റെ അവസ്​ഥ അത്രയും മോശമാണ്​. അപ്പോൾ തന്നെ മന്ത്രി മുഹമ്മദ്​ റിയാസിനെ വിളിച്ചു. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ആളുകളെ വിളിച്ച്​ മറുപടി നൽകി. അതാണ്​ റിയാസിനോട്​ തനിക്ക്​ ബഹുമാനം തോന്നാനുള്ള കാരണം.

കേരളത്തിൽ മഴയുടെ പേര്​ പറഞ്ഞാണ്​ റോഡ്​ നവീകരണം നീളുന്നത്​. മഴയാണ്​ പ്രശ്​നമെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുണ്ടാകില്ലല്ലോ. മഴ പോലുള്ള പലവിധ കാരണങ്ങൾ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങൾ അറിയേണ്ട കാര്യമില്ല. ടാക്​സ്​ അടച്ചാണ്​ ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്​​. അവർക്ക്​ നല്ല റോഡ്​ വേണം. മോശം റോഡുകളിൽ വീണ്​ മരിച്ചാൽ ആരാണ്​ സമാധാനം പറയുക' -ജയസൂര്യ ചോദിച്ചു.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഉദ്യോഗസ്​ഥർ ഓരോ മാസവും റോഡുകൾ സന്ദർശിച്ച്​ നിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister PA muhammad riyas reacts on Jayasurya statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.