ജോലിക്ക് ഹാജരായില്ലെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ല, പണിമുടക്കിനെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകൾ നടത്താനിരിക്കുന്ന നാളത്തെ ദേശീയ പണിമുടക്കിനെ നേരിടാൻ കെ.എസ്.ആർ.ടി.സി ഡയസ്നോൺ പ്രഖ്യാപിച്ചു. നാളെ അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ഇറക്കിയ ഉത്തരവിൽ അറിയിച്ചു.

എൽ.ഡി.എഫ് കണ്‍വീനറും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി പൊതുപണിമുടക്കു വിഷയത്തില്‍ നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ല. ഒരു ഓഫിസര്‍ എങ്കിലും മുഴുവന്‍ സമയവും ഓഫിസില്‍ ഉണ്ടായിരിക്കണം.

സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കരുതെന്നും യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് സി.എം.ഡി നിര്‍ദേശം നല്‍കി. കാന്റീനുകൾ പ്രവര്‍ത്തിക്കണം. വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. പണിമുടക്കു ദിവസം ഹാജരായ ജീവനക്കാരുടെ എണ്ണം രാവിലെ 11 മണിക്ക് മുന്‍പായി ചീഫ് ഓഫിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. പണിമുടക്കു കാരണം വാഹനങ്ങള്‍ക്കോ മറ്റോ നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ക്രമസമാധാന പ്രശ്‌നമുണ്ടായാൽ പൊലീസിനെ അറിയിക്കാനും കെ.എസ്‌.ആർ.ടി.സി സി.എം.ഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെ.എസ്‌.ആർ.ടി.സി യെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തേ ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു.

ദേശീയ പണിമുടക്ക് ദിനമായ ബാധനാഴ്ച കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെ.എസ്.ആർ.ടി.സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കെ.എസ്.ആർ.ടി.സി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെ.എസ്.ആർ.ടി.സിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Minister KB Ganesh Kumar toughens stance against strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.