ഗതാഗത കമീഷണർ എസ്. ശ്രീജിത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ പരസ്യ ശകാരം

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്തിനെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ശകാരിച്ചതോടെ മോട്ടോർ വാഹനവകുപ്പിൽ അതൃപ്തിയും അമർഷവും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറുമായുള്ള അഭിപ്രായവ്യത്യാസത്തിനു പിന്നാലെയാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത കമീഷണറുമായും തര്‍ക്കത്തിലാകുന്നത്.

ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം. ഏപ്രിലിൽ സെന്ററുകള്‍ തുടങ്ങണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിശദീകരിക്കാന്‍ കമീഷണര്‍ ശ്രമിച്ചെങ്കിലും മന്ത്രി അനുവദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്‌കൂള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്തത്തോടെയോ തുടങ്ങാമെന്നാണ് വ്യവസ്ഥ.

ഉദ്ഘാടനത്തിന് വിളിച്ചില്ല; ബസിൽ കയറി ആന്‍റണി രാജുവിന്റെ മറുപടി

തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ്കുമാറും മുൻ മന്ത്രി ആന്‍റണി രാജുവും തമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്. ഇലക്ട്രിക് ഡബ്ൾ ഡക്കർ ബസിന്‍റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് ആന്‍റണി രാജുവിനെ ഒഴിവാക്കി. എം.എൽ.എ എന്ന പ്രോട്ടോകോൾ പ്രകാരം ആന്‍റണി രാജുവിനെ ക്ഷണിക്കേണ്ടി വരുമെന്ന സാഹചര്യം ഒഴിവാക്കാൻ ചടങ്ങ് പുത്തരിക്കണ്ടത്തുനിന്ന് വട്ടിയൂർക്കാവ് മണ്ഡലപരിധിയിലെ വികാസ് ഭവനിലേക്ക് മാറ്റി. ഇതറിഞ്ഞ ആന്‍റണി രാജു ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പ് വികാസ് ഭവനിലെത്തി ബസ് സന്ദർശിച്ചു.

ക്ഷണിക്കാത്തതിലെ അതൃപ്തി മറച്ചുവെക്കാതെ ‘‘ഇലക്ട്രിക് ഡബ്ള്‍ ഡെക്കര്‍ തന്റെ കുഞ്ഞാ’’ണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ആന്‍റണി രാജുവിന്‍റെ പരാമർശത്തോട് ഗണേഷ് കാര്യമായി പ്രതികരിച്ചില്ല.

ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും നേരത്തേ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇലക്ട്രിക് ബസ് വേണമെന്നാണ് ആന്റണി രാജുവിന്റെ നിലപാട്. വേണ്ടെന്ന് ഗണേഷ് കുമാറും. ഇതിനു പിന്നാലെയാണ് ഉദ്ഘാടനവിവാദവും അതൃപ്തിയും. സ്മാർട്ട് സിറ്റി ഫണ്ടിൽ വാങ്ങിയ ബസിന്‍റെ ഉദ്ഘാടനം ആന്‍റണി രാജുവിന്‍റെ മണ്ഡലമായ പുത്തരിക്കണ്ടത്താണ് ആദ്യം നിശ്ചയിച്ചത്. പിന്നീട് വികാസ് ഭവൻ ഡിപ്പോയിലേക്ക് മാറ്റി. പക്ഷേ, വികാസ് ഭവനു മുന്നിലുള്ള റോഡിന്റെ എതിർവശത്താണ് ആന്റണി രാജുവിന്റെ മണ്ഡലം തുടങ്ങുന്നത്.

ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാത്തതിലും ആന്റണി രാജു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു. ‘‘ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് താൻ കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തിലാണ് ബസുകള്‍ ഓടിക്കേണ്ടിവരുക. താന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് തനിക്ക്- ആന്റണി രാജു പറഞ്ഞു. പുത്തരിക്കണ്ടത്ത് കവാടത്തിന് ഉയരം കുറവായതിനാൽ ഡബ്ൾ ഡക്കർ ബസ് കയറാൻ ബുദ്ധിമുട്ടായതിനാലാണ് ഉദ്ഘാടന വേദി മാറ്റിയതെന്നാണ് നഗരസഭയുടെ വിശദീകരണം.

Tags:    
News Summary - Minister KB Ganesh Kumar against Transport Commissioner S. Sreejith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.