ബജറ്റിലെ അവഗണനക്കെതിരെ മന്ത്രി ജെ. ചിഞ്ചുറാണിയും; വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐ മന്ത്രിമാരെ അവഗണിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നടപടിയിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജെ. ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറച്ച വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഓരോ വകുപ്പിൽ നിന്ന് എട്ട് ശതമാനം വിഹിതം വെട്ടിക്കുറച്ചെന്നാണ് അറിയാൻ സാധിച്ചതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

രാവിലെ ഭക്ഷ്യ വകുപ്പിന് ബജറ്റിൽ കൂടുതൽ തുക അനുവദിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജി.ആർ. അനിൽ രംഗത്തു വന്നിരുന്നു. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി അനിൽ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ബജറ്റിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചത്. സപ്ലൈകോക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബജറ്റ് പ്രസംഗ ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. റവന്യൂ മന്ത്രി കെ. രാജനും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. ‘കേരളീയ’ത്തിന് 10 കോടിയും ചാമ്പ്യൻസ് ട്രോഫി വള്ളംകളിക്ക് 9.96 കോടിയും അനുവദിച്ച ധനവകുപ്പ് ‘വിശപ്പുരഹിതം കേരളം’ പദ്ധതിക്ക് നീക്കിവെച്ചത് വെറും രണ്ടു കോടിയാണ്.

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നുപോകുന്നത്. സബ്സിഡി സാധനങ്ങൾ വിറ്റ വകയിൽ സർക്കാർ കഴിഞ്ഞ മാസം വരെ സപ്ലൈകോക്ക് നൽകാനുള്ളത് 2011 കോടിയാണ്. വിതരണക്കാർക്ക് നൽകാനുള്ളത് 792 കോടിയും. പൊതുവിപണിയിടപെടലിന് പ്രതിവർഷം 350 കോടിയാണ് സപ്ലൈകോക്ക് ചെലവാകുന്നത്. എന്നാൽ, ഇത്തവണ 205 കോടിയാണ് ബജറ്റിലുള്ളത്.

ആരോഗ്യം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം തുടങ്ങി സി.പി.എം മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ പുതിയ പദ്ധതികളും കോടികളുടെ പ്രഖ്യാപനവുമുണ്ടായപ്പോൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തങ്ങളുടെ വകുപ്പുകളിൽ തുച്ഛമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് സി.പി.ഐയുടെ പരാതി.

Tags:    
News Summary - Minister J. Chinchurani react to the neglect of the kerala budget 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.