മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണ ഫണ്ട് അനുവദിക്കാത്തതിനാൽ പ്രധാനാധ്യാപകരുടെ കീശ കാലിയാകുന്നു. അധ്യയന വർഷം തുടങ്ങി ആറു മാസം കഴിഞ്ഞെങ്കിലും നാമമാത്ര തുകയാണ് ഇതുവരെ അനുവദിച്ചത്. ഇതുകാരണം പല പ്രധാനാധ്യാപകരും സ്വന്തം പണം ചെലവഴിക്കുകയാണ്. 2012-13 അധ്യയനവർഷം മുതലാണ് പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി നിലവിലെ രീതിയിൽ ആരംഭിച്ചത്. പാചകാവശ്യത്തിനുള്ള അരി മാവേലി സ്റ്റോർ മുഖേന ലഭിക്കും. പച്ചക്കറി, പലവ്യഞ്ജനം, പാൽ, മുട്ട, പാചക ഗ്യാസ് എന്നിവക്കുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് സർക്കാർ മുൻകൂർ നൽകുകയാണ് ചെയ്തിരുന്നത്. ഈ വർഷം നാമമാത്രമായി അനുവദിച്ച തുക ഒരു മാസത്തെ ചെലവിന് പോലും തികയില്ലെന്ന് പ്രധാനാധ്യാപകർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയാണെന്ന മറുപടിയാണ് ലഭിച്ചത്. 1600 കോടി രൂപയാണ് പദ്ധതി ചെലവ്. മുൻവർഷങ്ങളിൽ ജൂൺ, നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് തുക അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജൂണിൽ കേന്ദ്രവിഹിതം സംസ്ഥാന സർക്കാറിന് നൽകിയെങ്കിലും ഇത് ട്രഷറിയിൽ കരുതൽ ധനമായി സൂക്ഷിക്കുകയാെണന്നാണ് ആരോപണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ മുഖ്യ നടത്തിപ്പുകാർ പ്രധാനാധ്യാപകരാണ്. ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും നൽകുന്നത്. കുടിശ്ശിക ഉൾപ്പെടെ അനുവദിച്ചില്ലെങ്കിൽ ഭക്ഷണ വിതരണം മുടങ്ങുന്ന സാഹചര്യമാണ്. പല സ്കൂളുകളിലും പാലും മുട്ടയും നൽകുന്നത് നിർത്തി. പാചക വാതകത്തിനും പലവ്യഞ്ജനത്തിനും പാലിനും പച്ചക്കറികൾക്കും ഉൾപ്പെടെ വില വർധിച്ചെങ്കിലും 2016െല നിരക്ക് കണക്കാക്കിയാണ് തുക അനുവദിക്കുന്നത്. ഇത് ഭക്ഷണവിഭവങ്ങളുടെ ഗുണമേന്മയെ ബാധിക്കുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.