മെത്രാന്‍ കായലില്‍ മടവീണത് അട്ടിമറിയെന്ന് പൊലീസും കൃഷിവകുപ്പും


കോട്ടയം: കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മെത്രാന്‍ കായലില്‍ മടവീണത് അട്ടിമറിയാണെന്ന സംശയത്തില്‍ പൊലീസും കൃഷിവകുപ്പും.
പാടശേഖരത്തിന്‍െറ തെക്കുഭാഗത്ത് പള്ളിക്കായലിനോടുചേര്‍ന്ന ഭാഗത്താണ് രണ്ടുമീറ്റര്‍ നീളത്തില്‍ ബണ്ട് തകര്‍ന്നത്. കല്‍ക്കെട്ടും തകര്‍ന്നു. സാധാരണ ആരും ചെല്ലാത്ത വിജനമായ ഭാഗത്താണ് മട തകര്‍ന്നത്. കൃഷിവകുപ്പും പൊലീസും നടത്തിയ പരിശോധനയില്‍ കട്ടപ്പാരക്കും തൂമ്പക്കും വെട്ടിയ പാടുകള്‍ കണ്ടത്തെി. ഇതോടെയാണ് ആരെങ്കിലും ബണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് കൃഷിവകുപ്പ് ജില്ല പൊലീസ് മേധാവിക്ക് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. കുമരകം പൊലീസ് കേസെടുത്തു.

തകര്‍ന്ന ബണ്ട് ചൊവ്വാഴ്ച പുലര്‍ച്ചയോടെ പൂര്‍ണമായും അടച്ചു. കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പ്രയത്നത്തിനൊടുവിലാണ് പണി പൂര്‍ത്തിയാക്കിയത്.

കടുത്ത വേനലിനിടെ മട വീണത് സംശയം ഇരട്ടിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. വേലിയേറ്റം പോലും ഇല്ലാത്ത അവസ്ഥയില്‍ തനിയെ മടവീണെന്ന് കരുതാനാകില്ല. കുമരകം പഞ്ചായത്തും സംഭവത്തിനുപിന്നില്‍ അട്ടിമറി ആരോപിച്ച് രംഗത്തത്തെിയിട്ടുണ്ട്. മെത്രാന്‍കായലിന്‍െറ ഭൂരിഭാഗം കൈയടക്കിയ ദുബൈ ആസ്ഥാനമായ റാക്കിന്‍ഡോ കമ്പനിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന സംശയമാണ് പഞ്ചായത്ത് ഉയര്‍ത്തുന്നത്. തരിശുകിടക്കുന്ന മെത്രാന്‍കായലില്‍ നെല്‍കൃഷി പുനരാരംഭിച്ചതുമുതല്‍ കൃഷി തടസ്സപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതായി കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെ കരീത്ര ബാബു എന്ന കര്‍ഷകനാണ് മട തകര്‍ന്ന വിവരം അധികൃതരെ അറിയിച്ചത്. സംഭവം കണ്ടില്ലായിരുന്നെങ്കില്‍ ഉപ്പുവെള്ളത്തില്‍ പാടം മുങ്ങുകയും വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യുമായിരുന്നു. 417 ഏക്കറുള്ള മെത്രാന്‍ കായലിന്‍െറ മുന്നൂറേക്കളോളമാണ് നെല്‍കൃഷിയുള്ളത്.

ഈ പാടശേഖരം നികത്തി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം നേരത്തേ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അധികാരത്തിലത്തെിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മെത്രാന്‍കായലില്‍ കൃഷിയറിക്കുമെന്ന് പ്രഖ്യാപിക്കുകയും കഴിഞ്ഞ നവംബര്‍ പത്തിന് നെല്ല് വിതക്കുകയും ചെയ്തു.

Tags:    
News Summary - methran kayal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.