വി.ഡി. സതീശൻ, ലയണൽ മെസ്സി
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വ്യാജേന നടന്ന ജി.എസ്.ടി വെട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി)സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ഇന്ന് സർക്കാറിന് കൈമാറും. നേരത്തെ ജി.എസ്.ടി കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളിൽ വിശദ അന്വേഷണം വേണമെന്ന ശിപാർശയാണ് റിപ്പോർട്ടിലുള്ളത്.
മെസ്സിയുടെ പരിപാടിയുടെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപ അമേരിക്കൻ കമ്പനി മുഖേന അർജന്‍റീന ഫുട്ബാൾ അസോസിയേഷനു കൈമാറിയിരുന്നു. ഈ ഇനത്തിൽ 22.68 കോടി രൂപയുടെ ജി.എസ്.ടി അടക്കാതിരുന്നതിനാൽ സംസ്ഥാന സർക്കാറിന് നഷ്ടമുണ്ടായെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. കാഞ്ഞങ്ങാട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
പണം അർജന്‍റീന ഫുട്ബാൾ അസോസിയേഷനു നൽകിയതിന്‍റെയും അസോസിയേഷൻ കൈപ്പറ്റിയതിന്‍റെയും രേഖകളും കണ്ടെടുക്കാനായില്ല. ഈ ഇടപാടിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം (ഫെമ) കേസെടുത്തിട്ടുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ സ്പോൺസർ ധനശേഖരണം നടത്തിയെന്നാണ് വിലയിരുത്തൽ. സ്പോൺസറുടെ അക്കൗണ്ടിൽ രണ്ടു ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ വന്നതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ പണത്തിൽനിന്നാണ് അർജന്‍റീന ഫുട്ബാൾ അസോസിയേഷനു പണം കൈമാറിയത്.
എന്നാൽ ഏതു വകയിലാണ് ധനകാര്യസ്ഥാപനങ്ങൾ സ്പോൺസർക്ക് പണം നൽകിയെന്നതിനു രേഖകളില്ല. ഇവർക്ക് നോട്ടീസ് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച കായിക വകുപ്പ് റിപ്പോർട്ടും സർക്കാറിന്‍റെ കൈയിലുണ്ട്. രണ്ടു റിപ്പോർട്ടുകളും പരിശോധിച്ച ശേഷം സർക്കാർ വിശദ അന്വേഷണം പ്രഖ്യാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.