അയവില്ലാതെ സി.പി.എം-സി.പി.ഐ ഏറ്റുമുട്ടൽ; ’ദേശാഭിമാനി’ ലേഖനത്തിന് ‘ജനയുഗ’ത്തിൽ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതോടെ വാക്പോരും ലേഖനപ്പോരുമായി സി.പി.എം-സി.പി.ഐ ഏറ്റുമുട്ടൽ കനക്കുന്നു. സി.പി.എം സെക്രട്ടേറിയേറ്റംഗം സി.എൻ. മോഹനന്റെ ’ദേശാഭിമാനി’ ലേഖനത്തിന് ‘ജനയുഗ’ത്തിൽ അക്കമിട്ട് മറുപടിയെഴുതി സി.പി.ഐ ദേശീയ കൗൺസിലംഗം രാജാജി മാത്യു തോമസ് രംഗത്തെത്തി.

നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതും രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം മത്സരിച്ച് വിജയിച്ചതും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സി.പി.എം കേന്ദ്രകമ്മിറ്റി റിപ്പോർട്ടുമടക്കം പരാമർശിച്ചാണ് രാജാജിയുടെ മറുപടി. കോൺഗ്രസിന്റെ എല്ലാ പരിമിതികളും ആ പാർട്ടിയുടെ നയപരിപാടികളോടുള്ള എല്ലാ മുൻവിധികളും നിലനിൽക്കെ ഫാഷിസ്റ്റ് വിപത്തിനെ പ്രതിരോധിക്കാൻ പാർലമെന്റിലെയും രാജ്യത്തെയും മുഖ്യ പ്രതിപക്ഷ പാർട്ടിയായ, കോൺഗ്രസിന്റെ സുപ്രധാന പങ്ക് ആർക്കാണ് നിഷേധിക്കാനാവുകയെന്നും സി.പി.ഐ, സി.പി.എമ്മിനോട് ചോദിക്കുന്നു. അടിയന്തരാവസ്ഥയെ പിന്തുണച്ച ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയാണ് സി.പി.ഐ എന്ന സി.പി.എം പരിഹാസത്തിനും ലേഖനം മറുപടി നൽകുന്നുണ്ട്.

മറുഭാഗത്ത് പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സി.പി.എമ്മിനകത്തും വ്യക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതും പ്രകടമാണ്. നേതാക്കൾ പരാമർശങ്ങളിൽ മിതത്വം പാലിക്കണമെന്ന മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്റെ പരസ്യപ്രസ്താവനക്ക് തൊട്ടുപിന്നാലെ ദേശാഭിമാനിയിൽ തന്നെ സി.പി.ഐയെ രൂക്ഷമായി കടന്നാക്രമിച്ച് സെക്രട്ടേറിയേറ്റംഗത്തിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടുവെന്നതാണ് ഇതിലൊന്ന്. ഉപനേതൃനിയമനത്തിന് ‘താൻ ഒരു കത്ത് കൊടുക്കേണ്ട കാര്യമേയുള്ളൂ’വെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തീർപ്പ് തള്ളി, ചർച്ചകൾ തുടരുകയാണെന്ന ടി.പി. രാമകൃഷ്ണന്റെ പരാമർശനത്തിന് പിന്നാലെയാണ് ദേശാഭിമാനി ലേഖനമെന്നതും ശ്രദ്ധേയം.

ഉപനേതൃപദവി മുന്നണിയുടെ പൊതുപ്രശ്നമല്ലെന്നും അത് രണ്ട് പാർട്ടികൾ തമ്മിലുള്ള വിഷയമാണെന്നുമാണ് മുന്നണി കൺവീനർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ ‘‘പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്നുണ്ടെങ്കിൽ ഇക്കാര്യം അവർ മുന്നണി മര്യാദ അനുസരിച്ച് ഉന്നയിക്കേണ്ടത് മുന്നണി യോഗത്തിലായിരുന്നുവെന്നാണ്’’ ദേശാഭിമാനി ലേഖനത്തിൽ സി.എൻ. മോഹനൻ അടിവരയിടുന്നത്. സി.പി.ഐ-സി.പി.എം തർക്കം പ്രതിപക്ഷ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് ടി.പി രാമകൃഷ്ണന്‍റെ പക്ഷം.

എന്നാൽ ‘‘യു.ഡി.എഫ് സർക്കാറിനെതിരെ ‘മെമ്മോറാണ്ടം സമര്‍പ്പിച്ച്’ കാത്തിരിക്കാതെ ശക്തമായ സമരം സംഘടിപ്പിക്കേണ്ട ഘട്ടത്തില്‍ ഇടതുപക്ഷത്ത് അനൈക്യമെന്ന് വിളിച്ചുപറയുന്നതാണ് ഈ പ്രശ്നം’’ എന്നാണ് സി.എൻ മോഹനൻ ചൂണ്ടിക്കാട്ടുന്നത്. ഫലത്തിൽ സി.പി.എം-സി.പി.ഐ തർക്കത്തെ പോലെ തന്നെ, സി.പി.എമ്മിനുള്ളിലും രണ്ടഭിപ്രായം നിലനിൽക്കുന്നുവെന്നത് വ്യക്തമാണ്.

സി.പി.എമ്മിന്റെ കോൺഗ്രസ് ബന്ധം ഓർമിപ്പിച്ച് ജനയുഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച നേതൃപരമായ പോരായ്മകളെപ്പറ്റി സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് വിശദമായി പരാമർശിക്കുന്നുണ്ടെന്നും അതോരോന്നും ഉദ്ധരിക്കാനുള്ള അവസരമായി ഈ ചർച്ചയെ മാറ്റേണ്ടതില്ലെന്നും ജനയുഗം ലേഖനത്തിൽ മുന്നറിയിപ്പ്.

അടിയന്തരാവസ്ഥയോടുള്ള സി.പി.ഐയുടെ സമീപനത്തെപ്പറ്റി മുട്ടിന് മുട്ടിന് ഓർമിക്കുന്നവർ തങ്ങളുടെ സാന്നിധ്യം രാജ്യത്തെ അറിയിക്കാൻ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മത്സരിച്ച് വിജയിച്ചതെന്ന് മറക്കരുതെന്നും ദേശാഭിമാനിയിലെ സി.എൻ മോഹനന്‍റെ ലേഖനത്തിന് മറുപടിയായി ജനയുഗം ലേഖനത്തിൽ രാജാജി മാത്യൂ ഓർമിപ്പിക്കുന്നു. കേരളത്തിൽ നിലവിലുള്ള എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയരാഷ്ട്രീയത്തെ വിലയിരുത്താനോ ബി.ജെ.പി സംഘ്പരിവാർ ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ തനിയെ അഭിമുഖീകരിക്കാനോ ഇടതുപക്ഷത്തിന് കഴിയില്ല. അടിയന്തരാവസ്ഥയിൽ നടന്ന അതിക്രമങ്ങളിൽ അച്യുതമേനോൻ അങ്ങേയറ്റം ദുഃഖിതനായിരുന്നുവെന്നത് അദ്ദേഹം മറച്ചുവച്ചില്ല.

അച്യുതമേനോന് ശേഷവും ഇവിടെ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരുന്നിട്ടുണ്ടെന്നും ആ ഭരണകാലങ്ങളിലും അറിഞ്ഞോ അറിയാതയോ പൊലീസ് അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ടെന്നതും ആരും വിസ്മരിക്കരുതെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - CPM-CPI Editorial clash Over Opposition Deputy Leader Post and Party Mouthpieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.