കോഴിക്കോട്: ചുമതലയേറ്റ് ദിവസങ്ങൾക്കകം പി. മേരിക്കുട്ടിയും സ്ഥാനമൊഴിഞ്ഞതോടെ പഞ്ചായത്ത് ഡയറക്ടറുടെ കസേര വീണ്ടും അനാഥമായി. പാലക്കാട് കലക്ടറായിരുന്ന മേരിക്കുട്ടി ആഗസ്റ്റ് 29ന് പഞ്ചായത്ത് ഡയറക്ടറായി ചുമതലയേറ്റെങ്കിലും 31നുതന്നെ അവരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു.
ഡയറക്ടർമാർ ഒാടിരക്ഷപ്പെടുന്ന പഞ്ചായത്ത് ഡയറക്ടറേറ്റിൽ പുതിയ രക്ഷകനെ കണ്ടെത്താൻ കഴിയാത്തതിനാൽ മേരിക്കുട്ടിക്കുതന്നെ അധിക ചുമതല നൽകിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 16ലെ മന്ത്രിസഭ തീരുമാനപ്രകാരമായിരുന്നു വി. രതീഷിനെ മാറ്റി പി. മേരിക്കുട്ടിയെ നിയമിച്ചത്. ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ് പഞ്ചായത്ത് വകുപ്പിൽ വൻ അഴിമതിയാണെന്ന് മേരിക്കുട്ടി തുറന്നടിച്ചിരുന്നു.
ചുമതലയേറ്റതിെൻറ തൊട്ടടുത്ത ദിവസം കേരളത്തിലെ മുഴുവൻ പഞ്ചായത്ത് സെക്രട്ടറിമാരുടെയും വിഡിയോ കോൺഫറൻസിൽ വകുപ്പിനോടുള്ള തെൻറ അതൃപ്തി അവർ പ്രകടിപ്പിച്ചു. പഞ്ചായത്ത് ഡയറക്ടറുടെ മേശപ്പുറത്ത് തുടർനടപടി കാത്തിരിക്കുന്ന ഫയലുകൾ കണ്ട് താൻ ഞെട്ടിയെന്നും അവർ വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ടവയായിരുന്നു ഭൂരിഭാഗം ഫയലുകളും. നീതിയുക്തമായ തീരുമാനം അസാധ്യമായതിനാൽ മാറിവരുന്ന ഡയറക്ടർമാർ ഇൗ ഫയലുകളിൽ തീർപ്പുകൽപിക്കാതെ മാറ്റിവെക്കുകയായിരുന്നു.
ഇടതു സർക്കാർ അധികാരത്തിലേറിയശേഷം ഡയറക്ടർ സ്ഥാനത്തുനിന്ന് സി.എ. ലതയെ മാറ്റി വി. രതീശനെ കൊണ്ടുവന്നു. ഹരിത വി. കുമാർ, പി. ബാലകിരൺ, എസ്. ഹരികിഷോർ എന്നിവരും തുടർന്ന് ഡയറക്ടർമാരായെങ്കിലും അധികം തുടർന്നില്ല. അതിനാൽ വി. രതീഷിനെ വീണ്ടും കൊണ്ടുവരികയായിരുന്നു. പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് അഴിമതിയിൽ മുങ്ങിക്കുളിച്ച വൻ ലോബി പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിെൻറ ഭാഗമാകാൻ െഎ.എ.എസുകാർക്ക് താൽപര്യമില്ലത്രെ.
പഞ്ചായത്ത് വകുപ്പിൽ ജില്ല ആസ്ഥാനങ്ങളിലും നാഥനില്ലാത്ത അവസ്ഥയാണിപ്പോൾ. ഒാരോ ജില്ലയിലും െഡപ്യൂട്ടി ഡയറക്ടർ ഒാഫ് പഞ്ചായത്ത് (ഡി.ഡി.പി), അസി. ഡയറക്ടർ ഒാഫ് പഞ്ചായത്ത് (എ.ഡി.പി) എന്നീ തസ്തികകളുണ്ടെങ്കിലും കോട്ടയത്തും മലപ്പുറത്തും മാത്രമാണ് ഡി.ഡി.പിമാരുടെ സാന്നിധ്യമുള്ളത്. ഒറ്റ ജില്ലയിലും എ.ഡി.പിമാരുടെ കസേരയിൽ ആളില്ല. രണ്ടു വർഷമായി പകരക്കാരെവെച്ചാണ് പ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.