മെഡിസെപ്; അത്യാഹിത ചികിത്സയിൽ ‘എട്ടു കിലോമീറ്റർ’ കുരുക്ക്

തിരുവനന്തപുരം: അപകടവും ഹൃദയാഘാതവുമടക്കം അത്യാഹിത ഘട്ടങ്ങളിൽ ഏത് ആശുപത്രിയിലും ഇൻഷുറൻസ് ഉറപ്പാക്കുമെന്നായിരുന്നു മെഡിസെപിലെ പ്രഖ്യാപനമെങ്കിലും ആനുകൂല്യങ്ങൾ അട്ടിമറിക്കുംവിധം വ്യവസ്ഥകൾ. അത്യാഹിതമുണ്ടായ സ്ഥലത്ത് നിന്ന് എട്ടു കിലോമീറ്റർ ചുറ്റളവിൽ മെഡിസെപിൽ എംപാനൽ ചെയ്ത ആശുപത്രിയുണ്ടെങ്കിൽ അവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്നും അല്ലാത്ത പക്ഷം ഇൻഷുറൻസ് ലഭിക്കില്ലെന്നുമാണ് നിബന്ധന.

അടിയന്തരഘട്ടങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചാലും റീ ഇംപേഴ്സ്മെന്‍റ് വഴി ചികിത്സാ ചെലവ് തിരിച്ചുകിട്ടുമെന്ന വാഗ്ദാനങ്ങൾക്കിടെയാണ് ഈ തലതിരിഞ്ഞ നിബന്ധന. അപകടഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനെത്തുന്നവർ പരിക്കേറ്റയാൾക്ക് മെഡിസെപ് ഉണ്ടോ, എട്ടുമീറ്റർ പരിധിയിൽ എംപാനൽ ചെയ്ത ആശുപത്രിയുണ്ടോ എന്നെല്ലാം പരിശോധിച്ച് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണ്. അതിവേഗമുള്ള ജീവൻ രക്ഷാദൗത്യത്തിൽ ഇതൊന്നും പ്രയോഗികവുമല്ല. അപകടങ്ങൾക്ക് പുറമേ പക്ഷാഘാതം, വൈദ്യുതാഘാതം, ഉയരത്തിൽ നിന്ന് വീഴൽ, ആക്രമണം, മൃഗങ്ങളുടെ ആക്രമണം, പൊള്ളൽ, വിഷബാധ, പാമ്പുകടി തുടങ്ങി 13 അത്യാഹിതങ്ങൾക്കാണ് ദൂരപരിധിയിലെ പൂട്ട്.

ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിലും പെൻഷൻകാരിലുമുള്ളത്. പ്രഖ്യാപിത വാഗ്ദാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതിന്‍റെ കറുത്ത അനുഭവങ്ങളാണ് മെഡിസെപ് ഒന്നാം ഘട്ടത്തിലെങ്കിൽ അതിനേക്കാൾ പരിതാപകരമാണ് 2026 ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ച രണ്ടാംഘട്ടമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം ഘട്ടത്തിൽ 500 രൂപയായിരുന്ന പ്രീമിയം രണ്ടാം ഘട്ടത്തിൽ 687 രൂപയായി വർധിപ്പിച്ചിരുന്നു. മാത്രമല്ല, പ്രീമിയം തുകയിൽ വർഷം തോറും അഞ്ച് ശതമാനം വർധനയുണ്ടാകുമെന്നാണ് പുതിയ വ്യവസ്ഥ. കരാർ ഒപ്പിട്ടുവെന്ന് സർക്കാർ പറയുന്നുവെങ്കിലും ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.

വിവരാവകാശ പ്രകാരം കരാറിന്‍റെ പകർപ്പ് ആവശ്യപ്പെട്ടവരോട് കരാർ രജിസ്റ്റർ ചെയ്യാത്തതിനാൽ പകർപ്പ് നൽകാനാവില്ലെന്നാണ് സർക്കാറിന്‍റെ മറുപടി. 5.59 ലക്ഷത്തിലധികം സർക്കാർ ജീവനക്കാരും 6.01 ലക്ഷത്തിലധികം പെൻഷൻകാരുമടക്കം 11.6 ലക്ഷം പേരുള്ള ഇൻഷുറൻസ് പദ്ധതിയാണ് ഇനിയും രജിസ്റ്റർ ചെയ്യാത്തത്. ഒന്നാം ഘട്ടത്തിലെന്ന പോലെ ഇക്കുറിയും കാഷ്ലെസ് ചികിത്സാ വാഗ്ദാനം കടലാസിൽ തന്നെയാണ്. ചികിത്സക്ക് കൈയിൽനിന്ന് പണം മുടക്കി, പിന്നീട് റീ ഇംപേഴ്സ് ചെയ്യണം. എം പാനൽ ചെയ്ത ചില ആശുപത്രികളിൽ പാക്കേജിലുള്ളതിനേക്കാൾ കുറഞ്ഞ തുകയേ ഇൻഷുറൻസായി കിട്ടുന്നുള്ളൂ. ഉദാഹരണത്തിന് 28,000 രൂപ ചെലവ് വരുന്ന നേത്ര ശസ്ത്രക്രിയക്ക് 7000 രൂപ മാത്രമാണ് പാക്കേജിൽ ലഭിക്കുക. ശേഷിക്കുന്ന തുക രോഗി നൽകണം.

ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും കൃത്യമായി പ്രീമിയം തുക ഈടാക്കുമ്പോഴും, അർഹമായ ചികിത്സ ലഭിക്കാത്തത് ഗുണഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സതേടുന്നവരാണ് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത്. എം പാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ പേരുണ്ടെങ്കിലും, നേരിട്ട് ചെല്ലുമ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ മടക്കിയയക്കുന്ന സാഹചര്യവുമുണ്ട്.

Tags:    
News Summary - MEDISEP: The 'Eight-Kilometre' Hurdle in Emergency Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.