മെഡിസെപ് പ്രീമിയം: ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം സർക്കാർ തള്ളി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്ന ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം ധനവകുപ്പ് തള്ളി. പദ്ധതിയുടെ പ്രീമിയം തുകയിൽ തൽക്കാലം വർധന വരുത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്ന സാഹചര്യത്തിലാണ് പ്രതിമാസ പ്രീമിയം 500 രൂപയിൽനിന്ന് 550 ആയി വർധിപ്പിക്കണമെന്ന് കമ്പനി ആവശ്യമുന്നയിച്ചത്. ഇത് പ്രകാരം വാർഷിക പ്രീമിയം 6,000 രൂപയിൽനിന്ന് 6,600 രൂപയായി ഉയരും.

അതേസമയം, ഇൻഷുറൻസ് കമ്പനിയുമായി ഏർപ്പെട്ട മൂന്ന് വർഷത്തെ കരാർ പ്രകാരം ഇടക്കാല പ്രീമിയം വർധന നടപ്പാക്കാൻ സർക്കാറിന് നിയമപരമായി ബാധ്യതയില്ല. പ്രീമിയം നിർബന്ധിതമായി ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് ഹൈകോടതിയിൽ‌ ഹരജിയും നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം തൽക്കാലം അംഗീകരിക്കാനാകില്ലെന്ന ധനവകുപ്പ് നിലപാട് സ്വീകരിച്ചത്.

2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ് പദ്ധതിയിൽ ആദ്യ വർഷം 500 കോടി രൂപ ആശുപത്രികൾക്കു കൈമാറേണ്ടി വരുമെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഒടുവിലെ കണക്കനുസരിച്ച് 697 കോടി രൂപയാണ് ക്ലയിം നൽകേണ്ടിവന്നത്. ജൂലൈയിൽ ഒരുവർഷം പൂർത്തിയാകുന്ന മെഡിസെപ് പദ്ധതിയിൽ മൂന്ന് ലക്ഷം പേരാണ് ചികിത്സ സ്വീകരിച്ചത്. കരാർ വ്യവസ്ഥകൾ പ്രകാരം നിലവിൽ പ്രീമിയം വർധിക്കില്ലെങ്കിലും രണ്ട് വർഷം കൂടി കഴിയുന്നതോടെ പ്രീമിയം തുകയിൽ വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ ക്ലെയിം നിരക്ക് 136 ശതമാനമാണ്. ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി സർക്കാർ മൂന്നു വർഷത്തേക്ക് നൽകിയിരുന്ന 35 കോടി രൂപയും 8 മാസം കൊണ്ടു വിതരണം ചെയ്തു തീർന്നിരുന്നു. ഇതിനിടെ, കരാർ ലംഘിച്ച് രോഗികളിൽനിന്ന് ചില ആശുപത്രികൾ പണം ഈടാക്കുന്നെന്ന പരാതി ലഭിച്ചതിനെതുടർന്ന് 13 ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.  

Tags:    
News Summary - Medisep premium: Govt rejects demand of insurance company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.