കൊച്ചി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പ്രസിദ്ധീകരിച്ച മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക ആധികാരിക രേഖയായി സ്വീകരിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമീഷൻ. മെഡിസെപ്പ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ആശുപത്രികളുടെ പട്ടിക മാത്രമാണ് ആധികാരിക രേഖയെന്നും കമീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പെൻഷനേഴ്സ് യൂനിയന്റെ പട്ടിക പ്രകാരം മെഡിസെപ് എംപാനൽഡ് ആശുപത്രിയെന്ന നിലയിൽ എറണാകുളം ലൂർദ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയ തനിക്ക് ആശുപത്രിബിൽ പാസാക്കി നൽകിയില്ലെന്നാരോപിച്ച് എടവനക്കാട് സ്വദേശി വി.പി. കാർത്തികേയൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ലൂർദ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മെഡിസെപ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടില്ലെന്ന് ധനവകുപ്പ് (ഹെൽത്ത് ഇൻഷുറൻസ്) അഡീഷനൽ സെക്രട്ടറി കമീഷനെ അറിയിച്ചു. എന്നാൽ, രോഗത്തെ തുടർന്ന് ശരീരത്തിന്റെ ഇടതുവശം പൂർണമായി തളർന്നതായി പരാതിക്കാരൻ അറിയിച്ച സാഹചര്യത്തിൽ 2023 ഫെബ്രുവരി 17ലെ സർക്കുലർ പ്രകാരം പരാതിക്കാരന് സഹായത്തിന് അപേക്ഷ നൽകാം. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മെഡിസെപ്പ് എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ തേടാം. ഇത്തരം അടിയന്തര ചികിത്സക്കും ശസ്ത്രക്രിയക്കും ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകുന്ന റീ ഇംപേഴ്സ്മെന്റിന് അപേക്ഷിക്കാം. ഇതിനുള്ള ക്ലെയിംഫോം മെഡിസെപ്പ് വെബ് പോർട്ടലിലെ ഡൗൺലോഡ് ലിങ്കിൽ ലഭ്യമാണ്.
ഫോം പൂരിപ്പിച്ച് medisep@orientalinsurance.co.in എന്ന ഇ-മെയിലിൽ അയക്കണം. പകർപ്പ് info.medisep@kerala.gov.in എന്ന വിലാസത്തിലും അയക്കണമെന്ന് സർക്കാർ അറിയിച്ചു. ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് റീ ഇംപേഴ്സ്മെന്റിനായി അപേക്ഷ നൽകാൻ പരാതിക്കാരനോട് കമീഷൻ നിർദേശിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ആവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക് നൽകണമെന്ന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.