മെഡിസെപ്: അടിയന്തര ഘട്ടത്തിൽ ചികിത്സ മുടങ്ങില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അടിയന്തിരഘട്ടത്തില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ ലഭിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 253 സ്വകാര്യ ആശുപത്രികളും 143 സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടെ മൊത്തം 396 ആശുപത്രികളെ ആരംഭ ഘട്ടത്തില്‍ ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി എംപാനല്‍ ചെയ്തിട്ടുണ്ട്. കുറച്ചുകൂടി സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെടാനുണ്ട്. ചില ആശുപത്രികളും മറ്റുചിലരും ചേര്‍ന്ന് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

പദ്ധതിപ്രകാരം എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പരിരക്ഷ ലഭിക്കൂ. എങ്കിലും അപകട/ജീവൻ ഭീഷണിയുള്ള സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സക്കും പദ്ധതിയുടെ കീഴില്‍ പരിരക്ഷ ലഭിക്കും. പദ്ധതി ആരംഭിച്ച് ജൂലൈ ഒന്നു മുതല്‍ ഇതുവരെ 902 പേര്‍ക്ക് ഗുണഫലം ലഭിച്ചു. 1500ഓളം ഗുണഭോക്താക്കളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രക്രിയ നടക്കുകയാണ്. ചില ആശുപത്രികൾ ഇതില്‍ ചേരാന്‍ തയാറാകുന്നില്ല. അതിനു ശക്തമായ സമ്മര്‍ദം വേണ്ടിവരും. മെഡിസെപ് പദ്ധതി നടപ്പാക്കിയ ശേഷവും ഔട്ട്‌പേഷ്യന്‍റ് റീഇംബേഴ്‌സ്‌മെന്റ് തുടരുന്നുണ്ട്. പലിശരഹിത മെഡിക്കല്‍ അഡ്വാന്‍സും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ, പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അഡ്വാന്‍സ് തുടര്‍ന്നും ലഭ്യമാക്കും. പ്രീമിയത്തെ കൂടുതൽ ജീവനക്കാൻ നൽകുന്ന പണം 12 മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്കുംവേണ്ടി കോര്‍പസ് ഫണ്ടിലേക്കാണ് നൽകുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് അധിക ഭരണ ചെലവുണ്ട്- മന്ത്രി അറിയിച്ചു.

മെഡിസെപ് മേടിക്കല്‍ സെപ്പായെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇന്‍ഷുറന്‍സ് കമ്പനിക്ക് 700 കോടി രൂപ എത്തിക്കുന്ന വെറും വിപണന തന്ത്രം മാത്രമാണിത്. പ്രശസ്തമായ ഒരു ആശുപത്രിയും എംപാനല്‍ ചെയ്തിട്ടില്ല. ഉള്ളവ മുഴുവനും കണ്ണാശുപത്രികളാണ്. പ്രിമീയത്തില്‍ 40 കോടിയോളം രൂപ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

Tags:    
News Summary - Medisep: Minister says treatment will not stop during emergencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.