കാരണമില്ലാതെ മെഡിസെപ് ക്ലെയിം നിരസിച്ചു: ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന്​ കോടതി

കോട്ടയം: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയായ മെഡിസെപ്പിൽ നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ചെന്ന പരാതിയിൽ പലിശയടക്കം ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്​.

ഹൃദ്രോഗത്തിന്​ ചികിത്സയിലിരിക്കേ മരിച്ച അമയന്നൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ. ഉമ്മന്‍റെ ഭാര്യ ശോശാമ്മ നൽകിയ പരാതിയിലാണ് ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ് അധികൃതർക്കും കമീഷൻ നിർദേശം നൽകിയത്​.

ചികിത്സക്ക്​ ചെലവായ 2,59,820 രൂപ ഒമ്പത്​ ശതമാനം പലിശയോടെ നൽകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥക്ക്​ 20,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 5000 രൂപയും ഇൻഷുറൻസ് കമ്പനിയും മെഡിസെപ് അധികൃതരും ചേർന്ന്​ നൽകണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് ക്ലെയിം നിരസിച്ചതെന്ന് കമീഷൻ കണ്ടെത്തി. ഇത്​ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. മെഡിസെപ്പിൽ എൻറോൾ ചെയ്തവർക്ക്​ ശരിയായ ക്ലെയിം സെറ്റിൽമെന്‍റ്​ നടക്കുമെന്നും മെഡിസെപ് വഴി നൽകുന്ന ആനുകൂല്യങ്ങൾ ഇൻഷുറൻസ് കമ്പനി നിരസിക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തേണ്ടതും മെഡിസെപ് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്​ കമീഷൻ നിർദേശിച്ചു.

Tags:    
News Summary - Medisep claim dismissed without reason: Court ordered to pay medical expenses and compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.