മെഡിക്കൽ സർവിസസ് കോർപറേഷൻ അഴിമതി; ലോകായുക്ത പ്രാഥമികാന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവിസസ് കോർപറേഷൻ അഴിമതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച ലോകായുക്ത സർക്കാറിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, മെഡിക്കൽ സർവിസസ് കോർപറേഷൻ മുൻ എം.ഡിമാരായ ബാലമുരളി, നവ്ജ്യോത് ഖോസ, അജയകുമാർ എന്നിവർക്കും മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാ‍റിനുമാണ് നോട്ടീസ് അയച്ചത്.

മെഡിക്കൽ സർവിസസ് കോർപറേഷൻ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥർ മാർച്ച് ഏഴിന് മുമ്പ് അറിയിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. കോവിഡിന്‍റെ ആരംഭത്തിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ധിറുതിപിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നെന്ന് തെളിവുകള്‍ സഹിതം വിവരങ്ങൾ പുറത്തുവന്നിരുന്നു.

വിഷയത്തില്‍ ധനകാര്യവകുപ്പ് പരിശോധനാവിഭാഗം അന്വേഷണം നടത്തിവരുകയാണ്. അതിനിടെ കോവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കമ്പ്യൂട്ടറില്‍നിന്ന് അപ്രത്യക്ഷമായെന്ന് കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ തന്നെ സമ്മതിച്ച രേഖകളും പുറത്തുവന്നു.

വിവരാവകാശ നിയമപ്രകാരം ഒരു ചാനലിന് ലഭിച്ച മറുപടിയിൽ മായ്ച്ചുകളഞ്ഞതെല്ലാം തിരിച്ചെടുത്തെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏതൊക്കെ ഫയലുകളാണ് മായ്ച്ചതെന്നോ മുഴുവന്‍ തിരിച്ചുകിട്ടിയെന്നോ മറുപടിയില്‍ പറയുന്നില്ല. അതേസമയം പർച്ചേസുമായി ബന്ധപ്പെട്ട ഫിസിക്കല്‍ ഫയലുകളൊന്നും കാണാതായില്ലെന്നാണ് കെ.എം.എസ്.സി.എല്ലിന്‍റെ മറുപടി.

സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 1127 കോടി രൂപയുടെ പർച്ചേസാണ് കോര്‍പറേഷന്‍ നടത്തിയതെന്നാണ് വിവരാവകാശ മറുപടി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ലോകായുക്തയിൽ പരാതി സമർപ്പിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. 

Tags:    
News Summary - Medical Services Corporation scam; Lokayukta begins preliminary inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.