തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ നിയമസഭാ സംഘർഷക്കേസിൽ സർക്കാറിന് തിരിച്ചടി. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടൽ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്.
ഏഴ് വകുപ്പുകൾ പ്രകാരമാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തിരുന്നത്. ഇതിൽ മൂന്നെണ്ണം ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ഇതിലെ ഏതാനും വകുപ്പുകൾ ഒഴിവാക്കിയേക്കും. അതേസമയം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ നിലനിൽക്കും.
നിയമസഭാ സമ്മേളനത്തിനിടെ പ്രതിഷേധവുമായി സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ. രമ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എമാർക്കും വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റത്. ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കും രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെ കേസ് എടുത്തിരുന്നു. ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.