ചികിത്സ പിഴവ്: നീതി തേടി നാലുവർഷം, ദലിത് ഗൃഹനാഥൻ നീതി തേടി മുട്ടാൻ വാതിലില്ല

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവിന്‍റെ വേദന തിന്നു നരകിക്കുന്ന ദലിത് ഗൃഹനാഥന്‍റെ നീതി തേടിയുള്ള അലച്ചിൽ നാലു വർഷം പിന്നിടുന്നു. വാഹനാപകടത്തിലേറ്റ പരിക്കിനെ തുടർന്നു നടത്തിയ ശസ്ത്രക്രിയയിൽ നട്ടെല്ലിനു താഴെ ഉറപ്പിച്ച സ്റ്റീൽ കമ്പി പൊട്ടുകയും ദ്രവിച്ച് അടർന്നു മറ്റു രോഗങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും അസഹ്യമായ വേദനക്കുമിടയാക്കിയതാണ് ഇദ്ദേഹത്തിന്‍റെ ജീവിതം ദുരിതമയമാക്കിയത്.

ചികിത്സ പിഴവിന് പരിഹാരവും ബന്ധപ്പെട്ടവർക്കെതിരെ നടപടിയും തേടി കോട്ടയം മുട്ടമ്പലം മരുകുളം വീട്ടിൽ എം. ശിവലിംഗം മുട്ടാത്ത വാതിലുകളിലല്ല. എന്നാൽ, സർക്കാർ സംവിധാനങ്ങളെല്ലാം ഔദ്യോഗിക ഭാഷ്യം ശരിവെച്ചു പരാതികൾ തള്ളിക്കളയുമ്പോൾ നീതിയെന്ന സ്വപ്നം അന്യമാവുകയാണ്. കോട്ടയം മെഡിക്കൽ കോളജ്, ആരോഗ്യ വകുപ്പ്, പട്ടികജാതി-വർഗ കമീഷൻ, മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പലതവണ പരാതി നൽകിയ ശിവലിംഗം വേദന കാർന്നുതിന്നുന്ന ശരീരവുമായി പോരാട്ടം തുടരുകയാണ്. മനുഷ്യാവകാശ കമീഷനിൽനിന്ന് മാത്രമാണ് കുറച്ചെങ്കിലും അനുകൂല നടപടി ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.

2022 മേയ് ആറിന് എം.സി റോഡിൽ ചിങ്ങവനത്താണ് ബൈക്കിൽ കാറിടിച്ചു ശിവലിംഗത്തിനു ഗുരുതര പരിക്കേറ്റത്. 11 ദിവസം മെഡി. കോളജ് ആശുപത്രിയിൽ കഴിയേണ്ടിവന്നു. കടുത്ത വേദനയെ തുടർന്നു നടത്തിയ പരിശോധനയിൽ നട്ടെല്ലിന്‍റെ അടിഭാഗം അകന്നതായി കണ്ടെത്തി. ഇതു പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്.

നാലാം മാസം പരിശോധനക്കു ചെന്നപ്പോൾ കമ്പിക്ക് പൊട്ടലുള്ളതായും ശസ്ത്രക്രിയ നടത്തി നീക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. കമ്പിക്ക് പൊട്ടൽ അവിശ്വസനീയമായി തോന്നിയ ശിവലിംഗം വീണ്ടുമൊരു ശസ്ത്രക്രിയക്കു തയാറായില്ല. കമ്പി പൊട്ടാനിടയായതിൽ നടപടി ആവശ്യപ്പെട്ട് അദ്ദേഹം മെഡി. കോളജ് സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ, നടപടിയുണ്ടായില്ല. ഇതിനിടെ പൊട്ടിയ കമ്പി കുത്തി വൃഷണത്തിൽ പഴുപ്പ് ബാധിച്ച് ആരോഗ്യ സ്ഥിതി വഷളായി. ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. കമ്പി പൊട്ടിയ പേടിയിൽ ശിവലിംഗം സർജറിക്കു വഴങ്ങാതെ കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആറു മാസത്തെ ചികിത്സയിൽ പഴുപ്പും മറ്റ് അസ്വസ്ഥതകളും മാറി.

അന്നു മുതൽ പൊട്ടിയ കമ്പിയും ദേഹത്തുവെച്ചാണ് കൂലിപ്പണിക്കാരനും നിർധന കുടുംബാംഗവുമായ ശിവലിംഗത്തിന്‍റെ ജീവിതയാത്ര. സാധാരണ ജോലി ചെയ്തു കുടുംബം പുലർത്താൻ സാധിക്കാത്ത നിലയിലാണ് ഇദ്ദേഹത്തിന്‍റെ ശാരീരിക നില. കേൾവി കുറവ് കൂടി അലട്ടുന്ന ഇദ്ദേഹത്തെ ആശ്രയിച്ചാണ് രണ്ടു മക്കൾ കൂടി അടങ്ങുന്ന കുടുംബത്തിന്‍റെ ജീവിതം.

മെഡിക്കൽ കോളജിലെ ഡോക്ടർമാർ തന്നെ അടങ്ങുന്ന പാനൽ ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നു വിലയിരുത്തി നൽകിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് അധികാര കേന്ദ്രങ്ങളെല്ലാം ശിവലിംഗത്തിന്‍റെ പരാതികൾ തള്ളുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം പട്ടിക വർഗ കമീഷനിൽനിന്ന് ലഭിച്ച മറുപടിയിലും അറിയിച്ചത് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കിയിരിക്കുന്നുവെന്നാണ്. എന്നാൽ, പിഴവ് വരുത്തിയ ഡോക്ടറുടെ സഹപ്രവർത്തകർ തന്നെ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെ നീതി കിട്ടുമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.

പരാതിക്കാരൻ ചികിത്സ പിഴവ് ആരോപിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ഉചിത ചികിത്സ സൗജന്യമായി നൽകുന്നതിന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകാവുന്നതാണെന്ന് ഫെബ്രുവരി ഏഴിനു നടത്തിയ സിറ്റിങ്ങിനുശേഷം കമീഷൻ ഫയലിൽ കുറിച്ചിരുന്നു. ഏഴു മാസമായെങ്കിലും ഇതിലും തുടർനടപടിയുണ്ടായിട്ടില്ല.

ചികിത്സ സഹായത്തിനും വിലങ്ങുതടി

പട്ടികജാതി വികസന വകുപ്പിൽനിന്ന് ചികിത്സ സഹായം അനുവദിച്ചു കിട്ടുന്നതിന് ജാതി സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷ നിരസിച്ചത് ശിവലിംഗത്തിന് ഇതിനിടെ ഇരട്ട തിരിച്ചടിയായി. ഇതര സംസ്ഥാനങ്ങളിലേക്ക് 1950നുമുമ്പ് കുടിയേറിയ ദലിത് വിഭാഗങ്ങളുടെ പിന്മുറക്കാർക്കേ സംവരണത്തിന് അർഹതയുള്ളൂവെന്ന കേന്ദ്ര ചട്ടത്തിന്‍റെ വ്യാഖ്യാനത്തിലാണ് അരുന്ധതിയാർ-ചക്കിലിയാർ സമുദായാംഗമായ ശിവലിംഗത്തിന്‍റെ ജാതി സർട്ടിഫിക്കറ്റ് അപേക്ഷ തള്ളിയത്.  

Tags:    
News Summary - Medical Error: Four Years, Still No Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.