കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഗുണ്ടാ വിളയാട്ടം നടത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്ത ഭടനുമായ നരിക്കുനി സ്വദേശി ദിനേശനെ മിംസ് ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു വി.കെ.സജീവന്‍.
ഡോക്ടക്ടര്‍മാരുടെ റൗണ്ട്സ് നടക്കുന്ന സമയം രാവിലെ 9 മണിക്ക് മെയിന്‍ഗേറ്റുവഴി അകത്തേക്ക് കടക്കാന്‍ നോക്കിയ ഡി.വൈ.എഫ്.ഐ നേതാവിനോട് സൂപ്രണ്ടിനെ കാണാന്‍ കാഷ്വാലിറ്റി വഴിയാണ് പോകേണ്ടത് എന്നു പറഞ്ഞതിനാണ് പതിനഞ്ച് വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ സുരക്ഷജീവനക്കാരനായ ദിനേശനെ ഗുണ്ടകളെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച് ചവിട്ടിക്കൂട്ടിയത്.
സിസിടിവി രേഖകളിലൂടെ അതിക്രമത്തിന്‍റെ ഭീകരരംഗങ്ങള്‍ പുറത്തുവരികയും,അക്രമികളെ തിരിച്ചറിയുകയും ചെയ്തിട്ടും മൂന്നു ദിവസമായിട്ടും പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാത്തത് അപലപനീയമാണ്. ഇതേ പ്രതികള്‍ തന്നെ മുമ്പ് സമാനമായ രീതിയില്‍ അക്രമം നടത്തിയപ്പോള്‍ പരാതിപ്പെടാത്തത് പ്രതികള്‍ക്ക് ഗുണം ചെയ്യുകയായിരുന്നു.മെഡിക്കല്‍ കോളേജ് പോലുളള സ്ഥലങ്ങള്‍ ഭരണകക്ഷി യുവജനസംഘടക്ക് അഴിഞ്ഞാടാനുളള ഇടമാക്കി മാറ്റാതെ അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.ബി.ജെ.പി മേഖലാ ട്രഷറര്‍ ടി.വി.ഉണ്ണിക്കൃഷ്ണന്‍,യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ് ടി.റിനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.