മീഡിയവണ്‍ വിലക്ക്: നീതിക്കായി പോരാട്ടം തുടരും -കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചു കേന്ദ്ര ഭരണകൂടം മീഡിയവണ്‍ ചാനലിനു മേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍ നിരത്തിയാലും മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ചാനല്‍ വിലക്കിനെ കാണാനാവൂ എന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിക്കും ജനാധിപത്യാവകാശ നിഷേധത്തിനും നീതിപീഠം തടയിടുമെന്നായിരുന്നു പ്രതീക്ഷ. പ്രാഥമിക ഘട്ടത്തില്‍ അതിനു തിരിച്ചടിയേറ്റെങ്കിലും അന്തിമമായി നീതിയുടെ വെളിച്ചം പുലരുമെന്നു തീര്‍ച്ചയാണ്.

പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നു മാത്രം പറഞ്ഞു ചാനലിനു വിലക്ക് കല്‍പ്പിച്ച കേന്ദ്ര ഭരണകൂടം കോടതിയില്‍ പോലും അതു തുറന്നുപറയാന്‍ തയാറായിട്ടില്ല എന്നതു നിഗൂഢത സൃഷ്ടിക്കുന്ന നടപടിയാണ്.

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നോ സുരക്ഷാ വിഷയത്തില്‍ എന്തു ഭീഷണിയാണ് മീഡിയവണ്‍ സൃഷ്ടിച്ചതെന്നോ ജനസാമാന്യത്തിന് ഇനിയും വ്യക്തമായിട്ടില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ നിയമപോരാട്ടവും ജനകീയബോധവത്കരണവുമായി മുന്നോട്ടുപോകും.

രാജ്യത്തിന്റെ നിലനില്‍പ്പിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പൗരസമൂഹവും ഈ അനീതിക്കെതിരെ ഒരു മനസ്സായി അണിനിരക്കേണ്ടതുണ്ട്. മാധ്യമസമൂഹം ഒന്നാകെ മീഡിയവണ്ണിനും തൊഴിലാളികള്‍ക്കുമൊപ്പം ഐക്യദാര്‍ഢ്യപ്പെടുന്നതായി യൂനിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.

Tags:    
News Summary - MediaOne ban: Fight for justice will continue says KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.